| Sunday, 3rd July 2016, 3:25 pm

കൊച്ചി മെട്രോ; കാലതാമസം വരുത്തിയ കരാറുകാര്‍ക്ക് പിഴ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയ കരാറുകാര്‍ക്ക് ഡി.എം.ആര്‍.സി പിഴ ചുമത്തി. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിചോദിച്ച കരാറുകാര്‍ക്കാണ് പ്രതിദിനം 20 ലക്ഷം രൂപവരെ ഡി.എം.ആര്‍.സി പിഴ ചമുത്തിയിരിക്കുന്നത്. പിഴ ചുമത്തിയതിലൂടെ വലിയൊരു തുക ഡി.എം.ആര്‍.സിക്ക് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എല്‍ ആന്റ് ടി, സോമ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങി ചെറുതും വലുതുമായ നിരവധി കരാറുകാരാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലകാരണങ്ങളാല്‍ നീണ്ടതോടെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പലയിടത്തും പണി പൂര്‍ത്തിയായില്ല. ഇതിനെ തുടര്‍ന്നാണ് വീഴ്ച്ചവരുത്തിയ കരാറുകാര്‍ക്ക് പിഴ ചുമത്താന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചത്.

പ്രതിദിനം 5 മുതല്‍ 20 ലക്ഷം രൂപവരെയാണ് വിവിധ കരാറുകാര്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. കൊച്ചി മെട്രോയിലെ ഏറ്റവും വലിയ കരാറുകാരായ എല്‍ ആന്റ് ടി ക്ക് കഴിഞ്ഞമാസം മാത്രം 100 കോടിയാണ് ഡി.എം.ആര്‍.സി പിഴ ചുമത്തിയത്.

നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് കരാര്‍ വ്യവസ്ഥപ്രകാരം പിഴചുമത്താന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചത്. ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അടുത്തവര്‍ഷം മെയ് മാസം വരെയാണ് കരാറുകാര്‍ സമയം നീട്ടി ചോദിച്ചത്. ഈ മാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കി മെട്രോസ്റ്റേഷനുകള്‍ കെ.എം.ആര്‍.എല്ലിന് കൈമാറണമെന്നിരിക്കെയും പല മെട്രോസ്റ്റേഷനുകളുടെ നിര്‍മാണവും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഡി.എം.ആര്‍.സി കുറ്റപ്പെടുത്തുമ്പോള്‍ ഡി.എം.ആര്‍.സിയുട വീഴ്ച്ചയാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നാണ് കരാറുകാര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more