| Wednesday, 2nd May 2018, 10:35 pm

കാവേരി നദീജല തര്‍ക്കം: മോദിയ്ക്ക് പിന്നാലെ നിര്‍മ്മല സീതാരാമന് നേരേയും കരിങ്കൊടി പ്രതിഷേധവുമായി ഡി.എം.കെ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമനാഥപുരം: കാവേരി വിഷയത്തില്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് നേരേ ഡി.എം.കെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുമ്പ് കാവേരി നദീതര്‍ക്കത്തില്‍ നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയ്ക്ക് നേരേയും കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.

ഡി.എം.കെ പ്രവര്‍ത്തകരാണ് രാമനാഥപുരത്തിനടുത്ത് വച്ച് നിര്‍മ്മല സീതാരാമന് നേരേ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രിയ്ക്കും നിര്‍മ്മല സീതാരാമനുമെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറിലധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയത്.

ഇതിനു മുമ്പ് ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരേയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തിയ മോദിക്കു നേരേ മോദി ഗോ ബാക്ക് ബലൂണുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.


ALSO READ: ‘ദിനേശിന്റെ ശപഥം’; രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ആരാധകന്‍


കര്‍ണ്ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതെന്ന് തമിഴ് സംഘടനകള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. കാവേരി തര്‍ക്കം ഒത്തുതീര്‍പ്പാക്കാത്തതിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതിയും രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

നദീജല തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന് കോടതി നല്‍കിയ സമയം നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കാനിരിക്കയാണിപ്പോള്‍.

We use cookies to give you the best possible experience. Learn more