ആരിഫ് മുഹമ്മദ് ഖാനെതിരായ രാജ്ഭവന്‍ ധര്‍ണയില്‍ ഡി.എം.കെയും
Kerala News
ആരിഫ് മുഹമ്മദ് ഖാനെതിരായ രാജ്ഭവന്‍ ധര്‍ണയില്‍ ഡി.എം.കെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2022, 9:43 pm

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍.ഡി.എഫ് നടത്തുന്ന ധര്‍ണയില്‍ ഡി.എം.കെയും പങ്കെടുക്കും. ഈ മാസം 15ന് നടക്കുന്ന രാജ്ഭവന്‍ ധര്‍ണ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ധര്‍ണയില്‍ പങ്കെടുക്കാനായി ഡി.എം.കെ നേതാവ് തിരുച്ചിശിവം തിരുവനന്തപുരത്തെത്തും.

ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കാന്‍ എല്‍.ഡി.എഫ് തീരുമാനമെടുക്കുന്നത്.

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത്‌നിന്ന് മാറ്റണമെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങും അതിന്മേലുള്ള ചര്‍ച്ചയും നടന്നപ്പോഴാണ് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന നിലപാട് അംഗങ്ങള്‍ ഉയര്‍ത്തിയത്.

സര്‍വകലാശാല തലപ്പത്ത് ഗവര്‍ണറെ നിയമിച്ചത് ഭരണഘടനാപരമായ ചുമതലയായല്ല. അതത് സര്‍വകലാശാലകള്‍ നിയമങ്ങള്‍ പാസാക്കിയപ്പോള്‍ അതിന്റെ ഭാഗമായാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. അതിനാല്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ഗവര്‍ണറെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം ഉയര്‍ന്നത്.

അതേസമയം, ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ തേടാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നത്.

ഗവര്‍ണര്‍ക്കതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ആശയവിനിമയം നടത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

സമാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും സി.പി.ഐ.എം തീരുമാനിക്കുകയുണ്ടായി.