| Sunday, 2nd February 2020, 6:55 pm

പൗരത്വ നിയമത്തിനെതിരെ പുതിയ ക്യാമ്പയിനുമായി ഡി.എം.കെ; ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായി പുതിയ പ്രതിഷേധ പരിപാടിയുമായി ഡി.എം.കെ പാര്‍ട്ടി. തമിഴിനാട്ടില്‍ നിന്നും സി.എ.എയ്‌ക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധിക്കുന്ന ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരണം നടത്താനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്.

ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ മണ്ഡലമായ കോലത്തൂരില്‍ നിന്ന് ഒപ്പു ശേഖരണ ക്യാമ്പയിന് ഞായറാഴ്ച തുടക്കം കുറിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ഡി.എം.കെ ഘടക കക്ഷിയായ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി [TNCC] പ്രസിഡന്റ് കെ.എസ് അലഗിരി ചെന്നൈയിലെ അവഡിയില്‍ നിന്നും ഒപ്പു ശേഖരണം നടത്തി. ഫെബ്രുവരി 2 മുതല്‍ 8 വരെയാണ് ക്യാമ്പയിന്‍ നടക്കുക.

സാമ്പത്തിക മേഖല ഉള്‍പ്പെടെയുള്ള മറ്റു മേഖലകളില്‍ കേന്ദ്രത്തിന് പറ്റിയ പരാജയം മറച്ചു വെക്കാനാണ് സി.എ.എ നടപ്പാക്കുന്നതെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനവേളയില്‍ എം.കെ സ്റ്റാലിന്‍ ആരോപിച്ചു.

‘ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പോലും സര്‍ക്കാര്‍ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള താല്‍പര്യമാണ് കാണാനായത്. ഇത്തരം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സി.എ.എ യുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സി.എ.എയക്കെതിരെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ വന്‍ ജനകീയ റാലി നടന്നിരുന്നു.

ഡിസംബര്‍ 23ന് ചെന്നൈയില്‍ ഡി.എം.കെ ആഹ്വാനം ചെയ്ത ദേശീയ പൗരത്വ നിയമവിരുദ്ധ റാലിയെ പിന്തുണച്ച് കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യവും രംഗത്തെത്തിയിരുന്നു. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ ഡി.എം.കെ ഘടകകക്ഷികളെല്ലാം റാലിയില്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more