| Thursday, 11th April 2024, 6:51 pm

'ജീ പേ' തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ അഴിമതികളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ച് ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതികള്‍ ആരോപിക്കുന്ന പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ പലയിടത്തും പ്രചാരത്തില്‍.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് തമിഴ്നാട്ടില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

പോസ്റ്ററുകള്‍ക്ക് മുകളില്‍ ‘ജി പേ’ എന്ന് എഴുതിയിരിക്കുന്നു, അതില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയും ക്യൂ.ആര്‍ കോഡും ഉണ്ട്. ‘സ്‌കാന്‍ ചെയ്യൂ അഴിമതി കാണൂ’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഒരു വീഡിയോയിലേക്കാണ് പോകുന്നത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പി നടത്തിയ അഴിമതികള്‍, സി.എ.ജി റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ച ക്രമക്കേടുകള്‍, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതികള്‍, ബി.ജെ.പി ഗവണ്മെന്റ് എഴുതിത്തള്ളിയ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളിയത് തുടങ്ങിയവയെക്കുറിച്ച് ഒരാള്‍ വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാമാകും.

ബി.ജെ.പിയെ നിരസിക്കാനും ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കാനും വോട്ടര്‍മാരോട് വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഡി.എം.കെ ഭാരവാഹികളാണ് സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ പതിച്ചത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും ഏപ്രില്‍ 19ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: DMK spreads posters about BJP scams in Tamil Nadu

We use cookies to give you the best possible experience. Learn more