ചെന്നൈ: സംസ്ഥാനത്ത് ആര്‍.എസ്.എസ് പദയാത്രക്ക് വിലക്കേര്‍പ്പെടുത്തിയ ഡി.എം.കെ നടപടി ആര്‍.എസ്.എസിന് കൂടുതല്‍ മൈലേജ് നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. ആര്‍.എസ്.എസ് പദയാത്ര നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഡി.എം.കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.
‘ഡി.എം.കെയുടെ നിയമപോരാട്ടം സംസ്ഥാനത്ത് ആര്‍.എസ്.എസിന് ഉയര്‍ന്ന മൈലേജ് നല്‍കി. ഈ കേസില്‍ ആര്‍.എസ്.എസ് വിജയിയായി മടങ്ങിവരും,’ അണ്ണാമലൈയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1940മുതല്‍ സംസ്ഥാനത്ത് ആര്‍.എസ്.എസ് സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ക്രമാതീതമായ രീതിയില്‍ ആര്‍.എസ്.എസ് വളര്‍ന്നത്. ആര്‍.എസ്.എസിന്റെ അംഗത്വം നാലിരട്ടിയായി ഉയര്‍ന്നതായും അണ്ണാമലൈ പറയുന്നുണ്ട്.
ആര്‍.എസ്.എസില്‍ ചേരാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ നടന്ന രജിസ്‌ട്രേഷന്‍ നാലിരട്ടിയായി ഉയര്‍ന്നു. പതിവ് പങ്കാളിത്തം ഇരട്ടിയായി. 2017ല്‍ 1684 പേര്‍ അംഗമായിടത്ത് 2022ല്‍ അത് 3359 ആണ്. ശാഖകളുടെ എണ്ണം 2015ല്‍ 1355 ആയിരുന്നത് 2020ല്‍ 2060 ആയെന്നും ആര്‍.എസ്.എസ് മീഡിയ വിഭാഗം സംസ്ഥാന സെക്രട്ടറി ബി. നരസിംഹന്‍ പറഞ്ഞു.
ഡി.എം.കെ പദയാത്രക്ക് വിലക്കേര്‍പ്പെടുമ്പോള്‍ അത് ചര്‍ച്ചാ വിഷയമാകും. ഈ സാഹചര്യം ആര്‍.എസ്.എസ് തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നും സംഘടന പറയുന്നു.
റൂട്ട് മാര്‍ച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.എം.കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫെബ്രുവരി 10ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍.എസ്.എസിന് അനുമതി നല്‍കിയിരുന്നു. ജനാധിപത്യത്തില്‍ പ്രതിഷേധം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സ്വാതന്ത്ര്യ ദിനവും, ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
ആര്‍.എസ്.എസ് ഇതിനെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് കോടതിയും ശരിവച്ചു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ശരിവച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള ഏതെങ്കിലും രണ്ട് ദിവസം മാര്‍ച്ച് നടത്താന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. എന്നാല്‍ പൊലീസ് അനുമതി വീണ്ടും നിഷേധിക്കുകയായിരുന്നു.
പൊലീസിനെതിരെ ആര്‍.എസ് എസ് കോടതിയലക്ഷ്യം സമര്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
Content Highlight: DMK’s denial of permission for RSS march gave more mileage to the party in state says K Annamalai