| Thursday, 17th June 2021, 8:35 pm

തിരുവള്ളുവറിനെ കാവി പുതപ്പിക്കേണ്ട; തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് ഡി.എം.കെ. സര്‍ക്കാര്‍. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എം.ആര്‍.കെ. പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്.

കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിക്കും. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ലൈബ്രറിയില്‍ നിന്നും മാറ്റിയത്. നീക്കിയ ചിത്രത്തിന് പകരം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സ്വന്തമായി പറയാന്‍ ചരിത്രമില്ലാത്ത ബി.ജെ.പി. തിരുവള്ളുവറിനെ തട്ടിയെടുത്ത് അവരുടേതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.ഐ.എമ്മും പറഞ്ഞിരുന്നു.

നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവരിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.സി എട്ടാക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡി.എം.കെ. സര്‍ക്കാര്‍ നീക്കിയിരുന്നു.

എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അധികാരത്തിലേറിയത് മുതല്‍ ബി.ജെ.പി. ഉയര്‍ത്തുന്ന സവര്‍ണ രാഷ്ട്രീയത്തെ ചെറുക്കാനാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേത്രങ്ങളില്‍ സ്ത്രീകളേയും അബ്രാഹ്മണരേയും പൂജാരികളാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DMK removes poster of Thiruvalluvar in saffron robes from varsity library in Covai

We use cookies to give you the best possible experience. Learn more