| Saturday, 13th March 2021, 3:55 pm

അധികാരത്തിലെത്തിയാല്‍ ഇന്ധന വില കുറയ്ക്കും, എല്‍.പി.ജിയ്ക്ക് സബ്‌സിഡി; തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുക്കവെ വലിയ വാഗ്ദാനങ്ങളുമായി ഡി.എം.കെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളുമായാണ് ഡി.എം.കെയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

500 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡി.എം.കെ പ്രകടന പത്രികയിലൂടെ മുന്നോട്ട് വെക്കുന്നത്. ശനിയാഴ്ച പാര്‍ട്ടി പ്രസിഡന്റ് എം. കെ സ്റ്റാലിന്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് നാല് രൂപയും കുറയ്ക്കുമെന്നും പാചക വാതകത്തിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും പത്രികയില്‍ പറയുന്നു.

തെരുവില്‍ താമസിക്കുന്നവര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍, സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലറ്റ് തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സ്ത്രീകളുടെ പ്രസവാവധി 12 മാസമായി ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. നേരത്തെ ഡി.എം.കെ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരുന്നു.

സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ചെപ്പോക്ക് മണ്ഡലത്തില്‍നിന്നാണ് ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്നത്. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം.കെ സ്റ്റാലിന്‍ കൊളത്തൂരിലാണ് മത്സരിക്കുന്നത്.

173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡി.എം.കെ പുറത്തിറക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡി.എം.കെ മത്സരിപ്പിക്കുന്നത്.

സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്ലിം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡി.എം.കെ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DMK releases election Manifesto with petrol and diesel price to get low

Latest Stories

We use cookies to give you the best possible experience. Learn more