| Tuesday, 4th June 2019, 12:22 pm

തമിഴ്‌നാട് ടെസ്റ്റ് ബുക്കില്‍ ഭാരതിയാര്‍ക്ക് കാവി ടര്‍ബന്‍: പ്രതിഷേധവുമായി ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് കവി ഭാരതിയാരെ കാവി ടര്‍ബന്‍ ധരിപ്പിച്ചതിനെ പ്രതിഷേധവുമായി ഡി.എം.കെ. വെളുത്ത ടര്‍ബന്‍ ധരിച്ചാണ് പൊതുവെ ഭാരതിയാരുടെ ചിത്രം കാണാറുള്ളത്. എന്നാല്‍ തമിഴ്‌നാട്ടിലെ പുതിയ പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തെ കാവി ധരിപ്പിക്കുകയായിരുന്നു.

‘ കാവി ടര്‍ബന്‍ ധരിച്ച് ഭാരതിയാരെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ എം.എല്‍.എയുമായ തങ്കം തെന്നരസു ചോദിക്കുന്നു.

തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തെന്നരസു ആരോപിച്ചു. ‘ഭാരതിയാരെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായൊരു ഇമേജ് നല്‍കാനുള്ള ശ്രമമാണിത്.’ അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ സെന്‍ഗോട്ടെയാനും വിദ്യാഭ്യാസ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ബി വളര്‍മതിയുമാണ്. പുസ്തകം റിലീസ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ റിലീസ് ചെയ്ത പുസ്തകമാണിതെന്നും അതില്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും വളര്‍മതി പറഞ്ഞു.

‘അബദ്ധം സംഭവിച്ചതാണെങ്കില്‍ ഇക്കാര്യം പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.’ വളര്‍മതി പറഞ്ഞു.

ഇതാദ്യമായാണ് ഭാരതിയാരെ കാവി ടര്‍ബനില്‍ ചിത്രീകരിക്കുന്നതെന്ന് തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയും പറഞ്ഞു. ‘വര്‍ഷങ്ങളായി ഞാന്‍ തമിഴ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുണ്ട്. കാവി ടര്‍ബനില്‍ ഭാരതിയാരുടെ ചിത്രം ഇതുവരെ കണ്ടിട്ടില്ല.’ അവര്‍ പറഞ്ഞു.

അതേസമയം, ഭാരതിയാരുടെ ടര്‍ബന് ബോധപൂര്‍വ്വം കാവി നിറം നല്‍കിയതല്ലെന്നാണ് ചിത്രം വരച്ച ആര്‍ട്ടിസ്റ്റ് പറയുന്നത്. ദേശീയ പതാകയുടെ പശ്ചാത്തലത്തിലാണ് ചിത്രം വരച്ചതെന്നും അതിലെ കാവി നിറം അബദ്ധവശാല്‍ ടര്‍ബനില്‍ വന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്.

We use cookies to give you the best possible experience. Learn more