ന്യൂദല്‍ഹി: രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഡി.എം.കെ എം.പി ലോക്‌സഭയില്‍. ആഭ്യന്തരമന്ത്രി കുതിരയുടെ മുന്‍പില്‍ വണ്ടി കെട്ടാന്‍ ശ്രമിക്കുകയാണെന്നും ടി.ആര്‍ ബാലു ആരോപിച്ചു.
‘എന്റെ സുഹൃത്ത് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് എനിക്കറിയില്ല. വീട്ടുതടങ്കലിലാണോ അല്ലയോ എന്നറിയില്ല. എവിടെയാണ് ഒമറും മെഹ്ബൂബയും ? ഞങ്ങള്‍ക്കറിയില്ല.’- ഫാറൂഖ് അബ്ദുള്ള സഭയില്‍ എത്താതിരുന്നതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
‘നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.’- ചൗധരി പറഞ്ഞു.
ലോക്സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്പോര് നടക്കുകയാണ്. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.
കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.