| Wednesday, 18th April 2018, 2:41 pm

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബി.ജെ.പി നേതാവ് എച്ച് രാജ; തെമ്മാടിത്തരം പറയരുതെന്ന് ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ എം.പിയും ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ മകളുമായ കനിമൊഴിയെ അധിക്ഷേപിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ.

കരുണാനിധിയുടെ അവിഹിത സന്തതിയും അവിഹിത ബന്ധത്തില്‍ കുട്ടിയെ പ്രസവിച്ചയാളുമാണ് കനിമൊഴി എന്നായിരുന്നു എച്ച് രാജ ട്വീറ്റില്‍ പറഞ്ഞത്.

എന്നാല്‍ രാജയുടെ ട്വീറ്റിനെതിരെ കനിമൊഴി രംഗത്തെത്തി. തരംതാഴ്ന്ന പ്രസ്താവനയാണ് എച്ച്. രാജ നടത്തിയതെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ ഏതൊക്കെ രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് എച്ച്. രാജയുടെ പ്രസ്താവനയെന്നും കനിമൊഴി പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ അങ്ങിനെയല്ല. രാഷ്ട്രീയത്തിലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഒരു പൊതുയിടത്ത് എങ്ങനെയാണ് സ്ത്രീ അപമാനിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണ് രാജയുടെ ഈ പ്രസ്താവന.- കനിമൊഴി പറഞ്ഞു.

ദ വീക്ക് റിപ്പോര്‍ട്ടറായ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തടവിയ ഗവര്‍ണറെ വിമര്‍ശിച്ച് കനിമൊഴി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കനിമൊഴിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തിയത്.

എച്ച് രാജയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ വക്താവ് എ ശരവണനും രംഗത്തെത്തി. എച്ച്. രാജക്ക് മാനസിക രോഗമുണ്ടോയെന്ന് ഹൈകോടതി വരെ ചോദിച്ചുകഴിഞ്ഞതാണെന്നും ഇത്രയും തരംതാഴ്ന്ന രീതിയിലുള്ള ഒരാളെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി വെച്ചുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളതെന്നും ശരവണന്‍ പറഞ്ഞു.

രാജയുടെ അഭിപ്രായത്തെ ബി.ജെ.പിയും പിന്തുണയ്ക്കുന്നോ? അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു നടപടിയും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. ഇത് തെമ്മാടിത്തരമാണ്. അധികാരം കൈപ്പിടിയിലുണ്ടെന്ന അഹങ്കാരമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more