|

ഈ ചോദ്യം എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങുന്ന ആണുങ്ങളോട് ചോദിക്കാത്തത്?; പാചകം ചെയ്യുമോയെന്ന് ചോദിച്ച അവതാരകനോട് കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചാനല്‍ അഭിമുഖത്തില്‍ അവതാരകന്റെ സെക്‌സിസ്റ്റ് ചോദ്യത്തിന് ഡി.എം.കെ നേതാവ് കനിമൊഴി നല്‍കിയ മറുപടി വൈറലാകുന്നു. 39 സെക്കന്റുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘താങ്കള്‍ ഭക്ഷണം പാചകം ചെയ്യാറുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിനാണ് കനിമൊഴി മറുപടി നല്‍കിയത്. നിങ്ങള് എന്താണ് ഈ ചോദ്യം രാഷ്ട്രീയത്തിലിറങ്ങുന്ന ആണുങ്ങള്‍ അഭിമുഖത്തിന് വരുമ്പോള്‍ ചോദിക്കാത്തതെന്നായിരുന്നു കനിമൊഴി തിരിച്ച് ചോദിച്ചത്.

എന്നാല്‍ തന്റെ ചോദ്യത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അവതാരകന്‍ നിങ്ങള്‍ രാഷ്ട്രീയ നേതാവും എം. പിയും ഡി.എം.കെ എം.പിമാരുടെ ഉപനേതാവുമൊക്കെയാണല്ലോ അതുകൊണ്ടാണ് ചോദിച്ചതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതിന് കനിമൊഴി തിരിച്ചു പറഞ്ഞത്, എന്റെ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നു, അദ്ദേഹത്തോട് നിങ്ങള്‍ ഇത് ചോദിക്കുമായിരുന്നില്ലല്ലോ എന്നാണ്. തനിക്ക് പാചകം അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തുടര്‍ന്ന് അവതാരകന്‍ ചോദിക്കുന്നത് മുന്‍ മുഖ്യമന്ത്രിയും അച്ഛനുമായ കരുണാനിധിയ്ക്ക് മീന്‍ കറി ഇഷ്ടമായിരുന്നല്ലോ, അദ്ദേഹത്തിന് അത് വെച്ച് കൊടുക്കാറുണ്ടായിരുന്നോ എന്നാണ്.

അച്ഛന് അമ്മയുണ്ടാക്കുന്ന മീന്‍ കറി മാത്രമായിരുന്നു ഇഷ്ടമെന്നും ഒരിക്കല്‍ താനും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും കനിമൊഴി പറഞ്ഞു. അന്ന് അച്ഛന് അത് ഇഷ്ടമായിരുന്നു. പക്ഷെ എല്ലാ അച്ഛന്‍മാര്‍ക്കും മക്കളുണ്ടാക്കുന്ന കറി ഇഷ്ടമായിരിക്കുമല്ലോ എന്നുമായിരുന്നു അവര്‍ പറഞ്ഞത്.

പുരുഷ കേന്ദ്രീകൃത ചോദ്യത്തെ കനിമൊഴി ചിരിച്ച് കൊണ്ട് നേരിടുന്നതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

അവതാരകന്റെ പുരുഷ കേന്ദ്രീകൃത ചോദ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ചിലര്‍ പെരിയാറിനെയും അംബേദ്കറെയുമൊക്കെ വായിച്ച് പഠിക്കണമെന്നാവശ്യപ്പെടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DMK MP Kanimozhi reply to the question by anchor asking ‘do you cook?’