| Saturday, 14th December 2024, 7:31 pm

'നിങ്ങള്‍ കൈമലര്‍ത്തി കാണിച്ചില്ലേ? അതുതന്നെയാണ് കേന്ദ്രം തമിഴ്‌നാടിനോടും കേരളത്തോടും കാണിക്കുന്നത്'; സുരേഷ് ഗോപിക്കെതിരെ കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴി. സുരേഷ് ഗോപിയും കേന്ദ്ര സര്‍ക്കാരും തമിഴ്നാടിന് നേരെ കൈമലര്‍ത്തി കാണിക്കുകയാണെന്നാണ് കനിമൊഴി പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ കനിമൊഴി കേരളത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. തമിഴ്നാടിനെ പോലെ കേരളവും അവഗണന നേരിടുകയാണെന്നാണ് കനിമൊഴി ചൂണ്ടിക്കാട്ടിയത്.

‘നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. എല്ലാ മേഖലകളിലും ഉയര്‍ച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടും തമിഴ്‌നാട് തുടര്‍ച്ചയായി കേന്ദ്രത്തില്‍ നിന്ന് അവഗണന നേരിടുകയാണ്. ഞങ്ങളെ പോലെ അയല്‍ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട്,’ എന്നാണ് കനിമൊഴി സംസാരിച്ചത്.

ഇതിനുപിന്നാലെ കനിമൊഴിയ്ക്ക് എതിര്‍വശത്തിരുന്ന സുരേഷ് ഗോപി കൈമലര്‍ത്തി കാണിക്കുകയായിരുന്നു. തുടര്‍ന്ന് താങ്കള്‍ രണ്ട് കൈയും വിരിച്ച് കാണിച്ചില്ലേ…, സമാനമായാണ് കേന്ദ്രവും ഞങ്ങള്‍ക്ക് നേരെ കൈ വിരിച്ച് കാണിക്കുന്നത്’ എന്ന് കനിമൊഴി മറുപടി നല്‍കുകയും ചെയ്തു.

കേന്ദ്രത്തിന്റെയും സുരേഷ് ഗോപിയുടെയും സമാനമായ നിലപാടാണെന്നും കനിമൊഴി പറഞ്ഞു. എന്നാൽ ഇതിനും സുരേഷ് ഗോപി പുഞ്ചിരിച്ച് കൈ മലര്‍ത്തി കാണിക്കുകയായിരുന്നു.

ഇന്നലെ (വെള്ളിയാഴ്ച) നടന്ന പാർലമെന്റ് സമ്മേളനത്തിനിടെയാണ് സുരേഷ് ഗോപിയെ കനിമൊഴി പരിഹസിച്ചതും വിമര്‍ശിച്ചതും. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

അതേസമയം വയനാടിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പാര്‍ലമെന്റ് വളപ്പില്‍ സുരേഷ് ഗോപി ഒഴികെയുളള കേരളത്തിന്റെ എം.പിമാര്‍ ഇന്ന് (ശനിയാഴ്ച) പ്രതിഷേധിച്ചിരുന്നു.

വയനാടിനായുള്ള പ്രത്യേക പാക്കേജ് നല്‍കേണ്ട ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ചെലവായ തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നത് കേരളത്തോട് കാണിക്കുന്ന അനീതിയാണെന്ന് എം.പിമാര്‍ പറഞ്ഞു.

വയനാട് പ്രത്യേക പാക്കേജ് വൈകുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനാ സേവനത്തിന് 132 കോടി 62 ലക്ഷം രൂപ അടക്കണമെന്ന കേന്ദ്ര നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനും ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: DMK MP Kanimozhi criticized Suresh Gopi in parliment

We use cookies to give you the best possible experience. Learn more