നീറ്റ് ക്രമക്കേടില്‍ പ്രതിഷേധം അറിയിച്ചത് കൂടാതെ, ദ്രാവിഡ ഭാഷയായ തമിഴിനും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്കും ഡി.എം.കെ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ഇ.വി. രാമസ്വാമിയെന്ന പെരിയാറിനും ഡി.എം.കെ സ്ഥാപകനായ അണ്ണാദുരൈയ്ക്കും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. തന്റെ നിലപാട് വ്യക്തമായി പ്രകടിപ്പിച്ചാണ് ദയാനിധി മാരന്‍ പതിനെട്ടാം ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്.
മെഡിക്കൽ അഡ്മിഷനായുള്ള നീറ്റ് പരീക്ഷക്കെതിരെ തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ച പാർട്ടിയാണ് ഡി.എം.കെ. നീറ്റ് പരീക്ഷ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയും വിദ്യാർത്ഥികളുടെ ഭാവിയെയും തകർക്കുമെന്നാണ് ഡി.എം.കെയുടെ വിമർശനം. നീറ്റ് പരീക്ഷയെ എതിർക്കുന്നതിനായി തമിഴ്നാട് സർക്കാർ പ്രത്യേക ബില്ല് വരെ പാസാക്കിയിരുന്നു. എന്നാൽ ഈ ബില്ല് ഗവർണർ ആർ.എൻ. രവി ഒപ്പുവെക്കാതെ തിരിച്ചയച്ചതും വിവാദമായിരുന്നു.
സെന്‍ട്രല്‍ ചെന്നൈയിലെ ഡി.എം.കെ എം.പിയാണ് ദയാനിധി മാരന്‍. മൂന്നാം തവണയാണ് ദയാനിധി മാരന്‍ സെന്‍ട്രല്‍ ചെന്നൈയില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. മുന്‍ കേന്ദ്ര വാണിജ്യ മന്ത്രി മുരസൊലി മാരന്റെ മകനാണ് ദയാനിധി മാരന്‍. തമിഴ്നാട്ടിലെ മാരന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായാണ് ദയാനിധിയെ കണക്കാക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെയും തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെയും ഭീഷണി തള്ളിയതിന് പിന്നാലെ ദയാനിധി മാരന്‍ തമിഴ്നാട്ടില്‍ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദയാനിധി മാരന്‍ ലോക്സഭയിലെ പാര്‍ട്ടിയുടെ ഉപനേതാവായിരിക്കുമെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlight: DMK MP Dayanidhi Maran protested against NEET during the swearing-in ceremony in the Lok Sabha