ന്യൂദല്‍ഹി: വിജയ്‌ക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡി.എം.കെ നേതാവ് ദയാനിധി മാരന്‍. പാര്‍ലമെന്റ് പ്രസംഗത്തിനിടെയാണ് ആദായനികുതി വകുപ്പിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ദയാനിധി മാരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത.്
‘രജനീകാന്തിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയ ആദായനികുതി വകുപ്പ് ഇപ്പോഴെന്തിനാണ് വിജയിയെ ലക്ഷ്യം വെക്കുന്നത്? ‘ ദയാനിധി മാരന്‍ പാര്‍ലമെന്റ് പ്രസംഗത്തിനിടെ ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രജനീകാന്തിന് നികുതി ഇളവ് നല്‍കിയതെന്നും ദയാനിധി മാരന്‍ ആരോപിച്ചു.
അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതിനാലാണ് ബി.ജെ.പിയെ പിന്തുണക്കുന്ന രജനീകാന്തിന് അനധികൃത പണമിടപാട് കേസില്‍ ഒരു കോടി രൂപയുടെ ഇളവ് ലഭിക്കുന്നതെന്നും വിജയിക്കെതിരെ കേസുകള്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോയ ആദായ നികുതി വകുപ്പിന്റെ നടപടിയെയും ദയാനിധി ചോദ്യം ചെയ്തു. ഈ നടപടി സിനിമക്ക് വലിയ നഷ്ടങ്ങളാണ് വരുത്തിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നെയ്‌വേലിയിലെ ചിത്രീകരണ സ്ഥലത്ത് നിന്നുമാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ മുഴുവന്‍ ഷെഡ്യൂളുമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതുമൂലം വലിയ നഷ്ടമാണ് സിനിമക്ക് വന്നത്.’ ദയാനിധി പറഞ്ഞു.
ബുധനാഴ്ച്ച വൈകിട്ടായിരുന്നു വിജയിയെ ആദായനികുതി വകുപ്പ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയിയുടെ പേരില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം.
നേരത്തെ ബി.ജെ.പി ഇതേ ആവശ്യം ഉന്നയിച്ചിട്ടില്ല. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയി ആരാധകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ഇതേ ആവശ്യം ഉന്നയിക്കുന്നത്.
മൂന്ന് ദിവസത്തിനകം രണ്ടാമത്തെ ചോദ്യം ചെയ്യലിനായി ഓഫിസില്‍ ഹാജരാകാന്‍ വിജയിയോട് ആദായനികുതി വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.