| Tuesday, 8th June 2021, 7:33 pm

കൊവിഡ് വാക്‌സിനേഷനായി എം.എല്‍.എ. ഓഫീസ് ആശുപത്രിയായി മാറ്റി ഡി.എം.കെ. എം.എല്‍.എ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എം.എല്‍.എ.  ഓഫീസ് കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്‌സിനേഷനും വേണ്ടിയുള്ള ആശുപത്രിയാക്കി മാറ്റി ഡി.എം.കെ എം.എല്‍.എ. വിലാത്തികുളം എം.എല്‍.എ. യായ മാര്‍ക്കണ്ഡേയനാണ് തന്റെ ഓഫീസ് കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കായി വിട്ടുനല്‍കിയത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ ആരംഭിച്ച ആശുപത്രി തൂത്തൂക്കുടി എം.പി.യായ കനിമൊഴിയാണ് ഉദ്ഘാടനം ചെയ്തത്.

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ മതിയായ ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും അതുകൊണ്ടു കൂടിയാണ് എം.എല്‍.എ. ഓഫീസ് ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും മാര്‍ക്കണ്ഡേയ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. താന്‍ അധികാരത്തിലിരിക്കുന്ന അഞ്ച് വര്‍ഷവും ഈ ഓഫീസ് ആശുപത്രിയായി തന്നെ തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഭൂരിപക്ഷം ഗ്രാമീണ ജനത ജീവിക്കുന്നയിടമാണ് എന്റെ നിയോജക മണ്ഡലം. ഇവിടുത്തെ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രി കൊവിഡ് സെന്ററായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് മറ്റു രോഗികള്‍ക്ക് ചികിത്സയ്ക്കായി പോകാന്‍ വേറേ ഇടമില്ല. അതുമാത്രമല്ല കൊവിഡ് വാക്‌സിനേഷനായി കുറേയധികം ദൂരം പോകേണ്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇവിടുത്തെ എന്റെ ഓഫീസ് ഒരു ചെറിയ ആശുപത്രിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ടൗണില്‍ തന്നെയുള്ള ആശുപത്രിയായതിനാല്‍ നിരവധി പേര്‍ക്ക് വേഗം എത്താന്‍ സാധിക്കുന്നു. ഏകദേശം 200ലധികം പേര്‍ ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു,’ മാര്‍ക്കണ്ഡേയ പറഞ്ഞു.

പകല്‍ 9 മണിയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന ആശുപത്രിയില്‍ നിരവധി പേരാണ് ചികിത്സയ്ക്കും വാക്‌സിനേഷനുമായി എത്തുന്നത്. ഒരു ലക്ഷത്തോളം രൂപയാണ് ആശുപത്രി നിര്‍മ്മിക്കാന്‍ തനിക്ക് ചെലവായതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ചെലവിലാണ് ആശുപത്രിയിലെ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; DMK MLA converts office into hospital for Covid care

We use cookies to give you the best possible experience. Learn more