| Saturday, 19th February 2022, 8:00 pm

ഈ പണി തമിഴ്‌നാട്ടില്‍ നടക്കില്ല; ഹിജാബ് ധരിച്ച വോട്ടറെ തടഞ്ഞ സംഭവത്തില്‍ കനിമൊഴിയും ഉദയനിധി സ്റ്റാലിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഡി.എം.കെ എം.പി കനിമൊഴി. ബി.ജെ.പി ആളുകളെ തമ്മിലടിപ്പിക്കുകയാണെന്നും, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതില്‍ കൈകടത്താന്‍ ശ്രമിക്കേണ്ടെന്നും കനിമൊഴി പറഞ്ഞു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനിമൊഴി.

‘മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുന്നത് കഷ്ടമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. ഇത് കൂടുതലാണോ കുറവാണോ എന്ന് തീരുമാനിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ കനിമൊഴി പറയുന്നു.

അതേസമയം, ഹിജാബ് ധരിച്ച് പോളിംഗ് സ്‌റ്റേഷനിലെത്തി എന്നാരോപിച്ച് മുസിലിം സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ചെറിയ തോതിലുള്ള വാക്കുതര്‍ക്കവും പോളിംഗ് തടസ്സപ്പെടുന്ന രീതിയിലേക്കുമെത്തിയിരുന്നു.

Do you cook?': Watch DMK's Kanimozhi gently shut down this sexist question | The News Minute

ഇതിന് പിന്നാലെ നിരവധിയാളുകള്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ ഇത്തരം നിലപാടിനോട് ഒരു തരത്തിലും യോജിക്കാന്‍സാധിക്കില്ലെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

‘എല്ലായ്‌പ്പോഴും ബി.ജെ.പി ഇതുതന്നെയാണ് ചെയ്യുന്നത്. ബി.ജെ.പിയുടെ ഇത്തരം നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ല. എന്തിനെ തള്ളണമെന്നും എന്തിനെ കൊള്ളണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇതൊരിക്കലും അംഗീകരിക്കില്ല,’ ഉദയനിധി സ്റ്റാലിന്‍ പറയുന്നു.

മധുരൈ ജില്ലയിലെ വേലൂരിലുള്ള പോളിംഗ് സ്റ്റേഷനിലായിരുന്നു ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പി പോളിംഗ് ഏജന്റായ ഗിരിരാജന്റെ നിലപാട്.

അതേസമയം, ഡി.എം.കെയുടെയും തമിഴ്നാട്ടിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെയും പോളിംഗ് ഏജന്റുമാര്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോഴും ഗിരിരാജന്‍ എതിര്‍ക്കുകയായിരുന്നു.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 30 മിനിറ്റോളം പോളിംഗ് തടസപ്പെടുകയും ചെയ്തു. എന്തിനാണ് പോളിംഗ് ബൂത്തിനുള്ള ഇവര്‍ക്ക് ഹിജാബ് ധരിക്കേണ്ട ആവശ്യം എന്നാക്രോശിച്ചായിരുന്നു ഇയാള്‍ പോളിംഗ് തടസപ്പെടുത്തിയത്.

പോളിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പോളിംഗ് ബൂത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് പകരം ബി.ജെ.പിയുടെ മറ്റൊരു പോളിംഗ് ഏജന്റിനെ എത്തിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടര്‍ന്നത്.

ഗിരിരാജന്‍ മുസ്‌ലിം സ്ത്രീയെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ച പോളിംഗ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഹിജാബ് ധരിച്ചാല്‍ ഇവരുടെ മുഖം കാണാനാവില്ലെന്നും, എങ്ങനെയാണ് ഇവരെ തിരിച്ചറിയുന്നത് എന്നുമാണ് ഗിരിരാജന്‍ വാദിക്കുന്നത്.

ഹിജാബ് ധരിച്ച നിരവധി സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി പുറത്തു നില്‍ക്കവെയായിരുന്നു ഇയാളുടെ പ്രകടനം.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നയാള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Content Highlight: DMK Leaders Kanimozhi and Udhayanidhi Stalin in Hijab Row during Tamil Nadu Civic poll election

We use cookies to give you the best possible experience. Learn more