| Tuesday, 15th November 2022, 9:47 pm

രാജ്ഭവന്‍ മാര്‍ച്ചില്‍ ഡി.എം.കെ നേതാവ് തിരുച്ചി ശിവ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം മലയാളത്തില്‍

അന്ന കീർത്തി ജോർജ്

ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കേരളത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, എല്ലാവര്‍ക്കും എന്റെ വണക്കം.

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ അവര്‍കള്‍ നിങ്ങളുടെ ഈ പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എവിടെ നോക്കിയാലും സമരക്കാരുടെ കൊടികള്‍ നിറഞ്ഞിരിക്കുകയാണ്. മുദ്രാവാക്യങ്ങളുടെ അലയൊലികളാണ് ചുറ്റിലും. ഗവര്‍ണറുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ ഉണര്‍വോടെ രംഗത്തുവന്നിരിക്കുകയാണ്.

രാജ്ഭവനില്‍ ഒറ്റക്കിരിക്കുന്ന ഒരു മനുഷ്യന്‍ ലക്ഷം മനുഷ്യരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യം അത്രയും വലിയ അപകടത്തിലൂടെയാണ് കടന്നുപോകുന്നത്.

ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ഫെഡറലിസം. സീതാറാം യെച്ചൂരി അവര്‍കള്‍ സൂചിപ്പിച്ച ചില കാര്യങ്ങളുണ്ട്. സ്വാതന്ത്ര്യം നേടിയ സമയത്ത് ഇന്ന് കാണുന്ന ഒരു ഇന്ത്യയുണ്ടായിരുന്നില്ല. സംസ്ഥാനങ്ങളും രാജഭരണ പ്രദേശങ്ങളുമെല്ലാമായി ചിതറി കിടന്ന ഈ നാടിനെ ഒന്നിച്ചു ചേര്‍ത്ത് ഭരണഘടന തയ്യാറാക്കി ഒരു രാജ്യമാക്കി, പിന്നീട് അതിനെ സംസ്ഥാനങ്ങളായി തിരിച്ചു. ഇതിനെല്ലാം പിന്നിലെ പ്രധാന ആശയം ഫെഡറലിസമാണ്.

ലോകത്ത് ഏറ്റവും നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്. മൂന്ന് വര്‍ഷമാണ് ഇതിനായി ചെലവഴിച്ചത്. മറ്റൊരു രാജ്യവും ഭരണഘടന തയ്യാറാക്കാന്‍ ഇത്രയും സമയം എടുത്തിട്ടില്ല. അത്രയും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഒരു കേന്ദ്ര ഭരണസംവിധാനമല്ല, മറിച്ച് ഫെഡറല്‍ സംവിധാനമാണെന്ന് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിച്ചത്. അതിന് വ്യക്തമായ കാരണമുണ്ട്.

ഭാഷയിലും സംസ്‌കാരത്തിലും മതത്തിലും വേഷത്തിലും എന്നു വേണ്ട ശീലങ്ങളിലും കഥകളിലും വരെ അനവധി നിരവധി വകഭേദങ്ങളുള്ള ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടാതെ ഒരുമയോടെ കഴിയാന്‍ ഫെഡറലിസത്തിലൂടെയേ സാധിക്കൂ.

കേരളത്തില്‍ മലയാളവും തമിഴ്‌നാട്ടില്‍ തമിഴും കര്‍ണാടകത്തില്‍ കന്നടയും ആന്ധ്രാപ്രദേശില്‍ തെലുങ്കും മഹാരാഷ്ട്രയില്‍ മറാത്തിയും ഗുജറാത്തില്‍ ഗുജറാത്തിയും എന്നിങ്ങനെ ഭാഷകള്‍ വ്യത്യസ്തമാണെങ്കില്‍ നിങ്ങളും ഞാനും സഹോദരങ്ങളായാണ് ഇവിടെ കഴിയുന്നത്. സ്വത്വം കൈവിടാതെ കൈകോര്‍ത്ത് നീങ്ങുന്ന മനോഹരമായ ഫെഡറലിസത്തിന് നേരെയാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ഭാരതീയ ജനത പാര്‍ട്ടി അധികാരത്തിലേറിയെ അന്ന് മുതല്‍ ഈ രാജ്യത്തിന്റെ കെട്ടുറപ്പും സഹോദര്യവും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഭരണഘടനയെയും അവര്‍ ഇല്ലാതാക്കുകയാണ്. ഒരു നാട്, ഒരു തെരഞ്ഞെടുപ്പ്, ഒരു വിദ്യാഭ്യാസം, ഒരു ഭാഷ അത് ഹിന്ദി എന്നിങ്ങനെ എല്ലാം ഒന്നിലേക്ക് ചുരുക്കി തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ അത് ഇവിടെ നടപ്പാകില്ലെന്ന് പറയുന്ന എതിര്‍ശബ്ദങ്ങളും ഇന്ന് കൂടുതല്‍ ശക്തമാകുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തുകയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന നിരവധി നിയമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ഇക്കാലയളവിനുള്ളില്‍ വന്നിട്ടുണ്ട്. കേരളത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാല ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്യുന്നതിന് സമാനമായ സംഭവങ്ങള്‍ തമിഴ്‌നാട്ടിലും നടക്കുന്നുണ്ട്.

ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഗവര്‍ണറുടെ കടമ. എന്നാല്‍ ഇവിടെ അതേ ഭരണഘടനയെ ചവിട്ടിയരക്കുകയാണ്. ജനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ആ നാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും പ്രതീക്ഷകളും അറിയുന്ന ആ സര്‍ക്കാരുകള്‍ നിര്‍മിക്കുന്ന നിയമത്തെ ഇല്ലായ്മ ചെയ്യാന്‍ എവിടെ നിന്നോ ആരോ പറഞ്ഞുവിട്ട ഒരു ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്.

പിണറായി വിജയന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് അറിയാം. തമിഴ്‌നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് സ്റ്റാലിനാണ് ബോധ്യമുള്ളത്. അല്ലാതെ ആര്‍.എന്‍. രവിക്കോ ആരിഫ് മുഹമ്മദ് ഖാനോ അല്ല.

‘മിസ്റ്റര്‍ ഖാന്‍, യു ആര്‍ മിസ്‌ടേക്കണ്‍, ദിസ് ഈസ് കേരള’ എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് ഞാന്‍ കണ്ടു. ഒരു ചെറിയ തിരുത്ത് പറയാനാഗ്രഹിക്കുകയാണ് ‘മിസ്റ്റര്‍ ഖാന്‍ യു ആര്‍ മിസ്‌ടേക്കണ്‍ ദിസ് ഈസ് ഈസ് സൗത്ത് ഇന്ത്യ’ എന്നാണ് അത്.

ഇന്ത്യന്‍ ഭൂപടത്തിലെ ദക്ഷിണഭാഗം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കാണാനാകും, അത് വളരെ ഷാര്‍പ്പായാണ് ഇരിക്കുന്നത്. അതുപോലെ പ്രതികരണത്തില്‍ എപ്പോഴും നമ്മള്‍ ഷാര്‍പ്പാണ്. ഗവര്‍ണറുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ എന്ത് ജനദ്രോഹ നടപടിയുണ്ടായാലും അതിനെതിരെ ആദ്യം ശബ്ദമുയരുന്നത് ഈ കൂര്‍ത്ത മുനമ്പില്‍ നിന്നാണ്.

ഇത്രയും ജനങ്ങള്‍ ഇവിടെ തടിച്ചുകൂടിയതിന് പിന്നില്‍ ഒരു കാരണമേയുള്ളു. തങ്ങളുടെ സംസ്ഥാനത്തേക്ക് വന്ന ഒരാള്‍ ചെയ്യേണ്ട പണി ചെയ്യാതെ അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് എല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനോടുള്ള പ്രതിഷേധമാണത്.

ഗവര്‍ണറുടെ ചുമതലകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ഉദാഹരണത്തിലൂടെ ഞാന്‍ അത് വ്യക്തമാക്കാം. ഉപ രാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷന്‍. അതു കഴിഞ്ഞാല്‍ ഡെപ്യൂട്ടി സ്പീക്കറും ഉപാധ്യക്ഷന്മാരുടെ ഒരു പാനലുമുണ്ടാകും. ഉപ രാഷ്ട്രപതിയും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പാനലില്‍ നിന്നും ഒരാളായിരിക്കും സഭയുടെ അധ്യക്ഷസ്ഥാനത്തുണ്ടാവുക.

ആ പാനലില്‍ അംഗമായ ഒരാളാണ് ഞാന്‍. ഞാന്‍ സ്പീക്കറുടെ ചെയറിലേക്ക് പോകുമ്പോള്‍ പിന്നെ തിരുച്ചി ശിവയല്ല, സ്പീക്കറുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട ആളാണ് ഞാനെന്ന ബോധ്യം എനിക്കുണ്ടാകണം. അങ്ങനെയൊരു ഉത്തരവാദിത്തബോധം ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി വരുന്നയാള്‍ക്കും വേണ്ടതല്ലേ. നിഷ്പക്ഷതയും സത്യസന്ധതയുമാണ് അവരുടെ ചുമതലയുടെ അടിസ്ഥാന ഘടകം. എന്നാല്‍ അവയുടെ ഒരു അംശം പോലും ഇന്ന് ഗവര്‍ണര്‍മാരില്‍ കാണാനാകുന്നില്ല.

തമിഴ്‌നാട്ടിലിപ്പോള്‍ മറ്റിയരസ് അതായത് സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന പദം ഉപയോഗിക്കാറില്ല. ഒന്‍ട്രിയരസ് അഥവാ യൂണിയന്‍ ഓഫ് സ്റ്റേറ്റസ് എന്നാണ് ഉപയോഗിക്കുന്നത്. ഇത് ഞങ്ങള്‍ കണ്ടുപിടിച്ച വാക്കല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വരി തന്നെ ഇന്ത്യ ഈസ് എ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നാണ്.

യൂണിയന്‍ മിനിസ്റ്റര്‍ എന്നും യൂണിയന്‍ ഗവണ്‍മെന്റ് എന്നും നമ്മള്‍ ആവര്‍ത്തിച്ചു പറയണം. എന്നാലേ എല്ലാ അധികാരവും കയ്യടിക്കയല്ല തങ്ങളിരിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നല്‍കിയിരിക്കുന്ന ഒരു പദവിയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ചുമതലപ്പെട്ടവരാണ് തങ്ങളെന്നുമുള്ള ബോധം അവര്‍ക്കുണ്ടാകു.

യൂണിയന്‍ സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ളവരായി ഗവര്‍ണമാരെ മാറ്റി എന്നതാണ് ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിച്ച് യൂണിയന്‍ സര്‍ക്കാരിന് താത്പര്യമുള്ള ഒരു സര്‍ക്കാരിനെ ഇവിടെ കൊണ്ടുവരാന്‍ അവസരം കാത്തിരിക്കുകയാണ് ഗവര്‍ണര്‍മാര്‍.

കേരളത്തിലെ അതേ അവസ്ഥ തന്നെയാണ് തമിഴ്‌നാട്ടിലും. ഇരുപതോളം ബില്ലുകളാണ് അവിടെ ഗവര്‍ണര്‍ പാസാക്കാതെ പിടിച്ചു വെച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഇത്തരം ചെയ്തികളെ തമിഴ്‌നാട് എങ്ങനെയാണ് എതിര്‍ക്കുന്നതെന്ന് ഒരു ഉദാഹരണത്തിലൂടെ ഞാന്‍ വ്യക്തമാക്കാം.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിസഭയെയോ വിദ്യാഭ്യാസ മന്ത്രിയെയോ പോലും അറിയിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ഒരു യോഗം ഗവര്‍ണര്‍ ഊട്ടിയില്‍ വിളിച്ചു ചേര്‍ത്തു. അവിടെ നിന്ന് അദ്ദേഹം തിരിച്ചെത്തുന്നതിന് മുമ്പ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കണമെന്ന ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കി.

അതുപോലെ തന്നെ ധീരമായ തീരുമാനങ്ങളാണ് നിങ്ങളും എടുത്തിരിക്കുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം നമുക്കുണ്ട്. ഞങ്ങളും അത് ആവശ്യപ്പെട്ടിട്ടുണ്ട്.

കാരണം തമിഴ്‌നാട്ടിലെ ഗവര്‍ണറുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഇതിനോടകം തന്നെ വെളിപ്പെട്ടു കഴിഞ്ഞു. ഒരു നാടിന് മതം കൂടിയേ തീരുവെന്ന ചിന്തയോടെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ വന്നത്. ഇന്ത്യ ഒരു മതതേര രാജ്യമാണ്. എന്നുവെച്ചാല്‍, ഇന്ത്യയില്‍ മതങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിനും സര്‍ക്കാരിനും മതമുണ്ടാകില്ല. അതാണ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വം.

ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചാരണം നടത്താനും ആചരിക്കാനുമെല്ലാമുള്ള അവകാശമുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഒരു മതമുണ്ടാകില്ല, സര്‍ക്കാര്‍ എല്ലാവരെയും മതഭേദമില്ലാതെ ഒരുപോലെ പരിഗണിക്കുമ്പോഴാണ് അതൊരു മതേതര സര്‍ക്കാരാകുന്നത്. എന്നാല്‍ ഒരു സര്‍ക്കാരിനും നാടിനും മതം വേണമെന്നാണ് തമിഴ്‌നാട്ടിലെ ഗവര്‍ണര്‍ പറയുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്ന നല്ല നടപടികള്‍ക്ക് തുണയായിരിക്കേണ്ട ഗവര്‍ണര്‍മാര്‍ ആ കടമ ചെയ്യാതിരിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ഇങ്ങനെ പൊരിവെയിലത്ത് നില്‍ക്കേണ്ടി വരുന്നത്.

ഭരണഘടന നിര്‍മാണസഭയില്‍ നടന്ന ഒരു ചര്‍ച്ചയെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ആ സമിതിയുടെ ഭാഗമായിരുന്ന നിരവധി പേര്‍ ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനും മുകളിലായിരിക്കരുത് എന്ന് ഒരുപോലെ ചൂണ്ടിക്കാണിച്ചിരുന്നു. ഗവര്‍ണറുടെ വിവേചനാധികാരം എന്നത് സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെയും തീരുമാനങ്ങളെയും പാടെ തള്ളിക്കളയാനുള്ളതല്ലെന്ന് അംബേദ്കറും പറഞ്ഞിരുന്നു.

നിയമനത്തിലൂടെയല്ല, ഗവര്‍ണര്‍മാരെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു അധികാരവുമില്ലാത്ത പദവിയിലേക്ക് വോട്ടെടുപ്പൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും ആരെയെങ്കിലുമൊക്കെ നിയമിച്ചാല്‍ മതിയെന്നുമായിരുന്നു അംബേദ്കര്‍ നല്‍കിയ മറുപടി.

നിയമനത്തിലൂടെയാണോ അതോ വോട്ടെടുപ്പിലൂടെയാണോ ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണര്‍ പദവിയേ ആവശ്യമില്ല എന്നാണ് അതിനുള്ള മറുപടി. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റുമാരായി മാറിക്കൊണ്ടിരിക്കുന്ന ഗവര്‍ണര്‍മാരെ നമുക്ക് ആവശ്യമില്ല.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി

ഗവര്‍ണര്‍മാരിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുക്കാനാണ് യൂണിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ആ തീരുമാനത്തെ പാസാക്കേണ്ട കടമയുള്ള ഗവര്‍ണര്‍ പക്ഷെ രാഷ്ട്രപതിക്ക് അയച്ചും തിരിച്ചയച്ചും അത് വൈകിപ്പിച്ചപ്പോള്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു. ഭരണഘടനയുടെ 142ാം അനുച്ഛേദം പ്രകാരം സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ക്ക് മേല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അവരെ ജയില്‍ മോചിതരാക്കി.

ഇന്ന് ഇടതുപക്ഷത്തിന്റെ ചെങ്കൊടികള്‍ക്കൊപ്പം ഉയര്‍ന്ന മുദ്രാവാക്യം വിളികള്‍ ഞാന്‍ കേട്ടു. നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ടു. എല്ലാറ്റിലുമുപരിയായി ഈ കൊടുംവെയിലില്‍ ഇരിക്കുന്ന നിങ്ങളുടെ മനോബലവും കണ്ടു. രണ്ട് തുള്ളി മഴ പെയ്താല്‍ ഓടിയൊളിക്കുന്നവരുണ്ട്. വെയിലൊന്ന് കൂടിയാല്‍ തണലുകളിലേക്ക് പിന്‍വലിയുന്നവരുണ്ട്. എന്നാല്‍ നീട്ടിപ്പിടിച്ച തോക്കിന് മുമ്പിലും വിരിമാറ് കാണിച്ചു നില്‍ക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിനേ കഴിയൂ.

ജനാധിപത്യമാണ് ഈ നാടിന്റെ ജീവശ്വാസം. ഫെഡറലിസമാണ് അടിസ്ഥാന തത്വം. എന്നാല്‍ യൂണിയന്‍ സര്‍ക്കാര്‍ അതിനെല്ലാം ഭീഷണിയായിരിക്കുകയാണ്. സ്റ്റേറ്റ് ഓട്ടോണമി എന്നത് ഡി.എം.കെ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എന്താണ് ആവശ്യമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കൂവെന്നുമാണ് ഡി.എം.കെ ആവശ്യപ്പെടുന്നത്.

സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ടായിരുന്നു വിദ്യഭ്യാസത്തെ ഈ അടുത്ത നാളുകളിലാണ് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. അത് അപകടകരമായ തീരുമാനമാണ്. അതില്‍ മാറ്റം വന്നേ മതിയാകു. വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരണം.

ഭരണഘടനയെ നശിപ്പിക്കാന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണ്, അല്ലെങ്കില്‍ അതിനുവേണ്ടിയുള്ള പദ്ധതികള്‍ കോപ്പുകൂട്ടുകയാണ്. എന്നാല്‍ ഞാനൊന്ന് പറയട്ടെ, ഒന്നും നടക്കാന്‍ പോകുന്നില്ല. കാരണം നമ്മളൊക്കെ ഇവിടെയുണ്ട്, ഇവിടെ തന്നെയുണ്ട്. ഇവിടെ മാര്‍കിസ്റ്റ് പാര്‍ട്ടിയും മുന്നണിയുമുള്ളതുപോലെ തമിഴ്‌നാട്ടില്‍ ഡി.എം.കെയുണ്ട്.

ഞങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അണ്ണാദുരൈ പ്രവര്‍ത്തകര്‍ക്ക് എഴുതിയ അവസാന കത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഫെഡറിലസം കടലാസില്‍ മാത്രം ഒതുങ്ങുന്ന ഒരു നാട്ടില്‍ സംസ്ഥാന മുഖ്യമന്ത്രിയായി ഇരിക്കേണ്ടി വന്നതില്‍ എനിക്ക് ഏറെ ഖേദമുണ്ട് എന്നായിരുന്നു ആ വരികള്‍. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഈ രാജ്യത്ത് വന്ന നിരവധി നേതാക്കന്മാരും കമ്മീഷനുകളും ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ കൈകടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

‘സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്‍കുക, ഗവര്‍ണറെ ആവശ്യമില്ല’ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഉയരണം. വളരെ പഴക്കം ചെന്ന ഒരു കെട്ടിടത്തെ സംരക്ഷിക്കുന്നതിന് ചില പുതുക്കിപ്പണിയലുകള്‍ നടത്തേണ്ടി വരും. അത്തരത്തില്‍ ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി ചില പുതുക്കിപ്പണിയലുകള്‍ നടത്തണം.

ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയിരിക്കുന്ന ഈ പ്രതിഷേധ കൊടുങ്കാറ്റ് മറ്റിടങ്ങളിലേക്കും പടരും. തമിഴ്‌നാട്ടില്‍ അതിവേഗത്തില്‍ തന്നെ സഞ്ചരിക്കും. ഇന്ത്യ മുഴുവന്‍ പടര്‍ന്നുപിടിക്കും.

പരിഭാഷ: അന്ന കീര്‍ത്തി ജോര്‍ജ്

Content Highlight: DMK Leader Tiruchi Siva’s speech at Raj Bhavan march in Kerala, Malayalam translation

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more