ചെന്നൈ: ഡി.എം.കെ നേതാവും സിറ്റിംഗ് എം.എല്‍.എയുമായ കു കാ സെല്‍വം ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത്. കു കാ സെല്‍വം കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരാനല്ല വന്നതെന്നും കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലിനെ കാണാനാണെന്നും കു കാ സെല്‍വം പറഞ്ഞു.
‘ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല. എന്റെ മണ്ഡലത്തിലെ നുങ്കാമ്പക്കം സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ അനുവദിക്കാനായി മന്ത്രി പീയുഷ് ഗോയലിനെ കണ്ടു. അയോധ്യയിലെ രാമക്ഷേത്രം പോലെ രാമേശ്വരത്തെ മാറ്റാന്‍ ജെ.പി നദ്ദയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു,’ സെല്‍വം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെക്കുറിച്ചും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി മോദിയുടെ പരിശ്രമങ്ങളെയും കു കാ സെല്‍വം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുകനുമൊത്താണ് സെല്‍വം നദ്ദയുടെ വീട്ടിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് സെല്‍വം ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എം.എല്‍.എ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഡി.എം.കെ ആസ്ഥാനത്ത് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ മുതിര്‍ന്ന ഡി.എം.കെ നേതാവ് വി.പി ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തമിഴ്‌നാട് അസംബ്ലി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായിരുന്ന ദുരൈസാമി അന്ന് ചെന്നൈയിലുള്ള മുരുകനെ വിളിച്ചിരുന്നതും ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ