ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ അര്‍ദ്ധരാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിലേക്കാണ് അദ്ദേഹത്തെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്ത സമ്മര്‍ദം കുറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും. വിദഗ്ദ്ധസംഘത്തിന്റെ പരിചരണത്തിലാണ് അദ്ദേഹം ഉള്ളതെന്നും കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്..
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചുവെങ്കിലും വെള്ളിയാഴ്ച സന്ദര്‍ശകരെ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയിലാണ് തീരെ അവശനായി അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി 1.30 ഓടെ ആശുപത്രിയിലേക്ക് മാറ്റിയത്.
മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാക്കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മകനും ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
മറ്റൊരു മകനും മുന്‍ കേന്ദ്രമന്ത്രിയുമായ അഴഗിരി മധുരയില്‍നിന്ന് ചെന്നൈയിലെത്തി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്ന മകളും എം.പി.യുമായ കനിമൊഴിയും മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കരുണാനിധിയുടെ ആരോഗ്യനില മോശമായെന്ന വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ രാത്രിമുതല്‍ ഗോപാലപുരത്തെ വീടിനും സമീപത്തും ഡി.എം.കെ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് ആശുപത്രിക്ക് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.