ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മോദിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടന്നു.
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മോദിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം നടന്നു.
ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പോസ്റ്ററുകള്‍ വലിച്ച് കീറി. മോദിയുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നീട് തമിഴ്‌നാട്ടിലാകെ മോദിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് നടന്നത്.
ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ കാണാതായ താക്കോല്‍ ആറ് വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലേക്ക് അയച്ചെന്നായിരുന്നു ഒഡീഷയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ മോദി പറഞ്ഞത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായി തമിഴ്‌നാട്ടില്‍ നിന്നുള്ള വി.കെ. പാണ്ഡ്യനെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
ജഗന്നാഥ ക്ഷേത്രത്തിലെ നിധി കൊള്ളയടിക്കുന്നവരായി തമിഴരെ പ്രധാനമന്ത്രി മോദി ചിത്രീകരിച്ചെന്നാണ് സ്റ്റാലിന്‍ ഇതിനോട് പ്രതികരിച്ചത്.
ഒരു പ്രധാനമന്ത്രി ഉത്തരേന്ത്യയില്‍ തമിഴരെ അധിക്ഷേപിക്കുന്നതും സംസ്ഥാനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുകയും ചെയ്യുന്നത് ന്യായമാണോ എന്ന് സ്റ്റാലിന്‍ ചോദിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് മറന്ന് വോട്ടിന് വേണ്ടി പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തി. വി.കെ. പാണ്ഡ്യന്റെ നിയന്ത്രണത്തിലുള്ള പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായി. ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ താക്കോല്‍ കണ്ടെടുക്കുമെന്ന് മാത്രമാണ് മോദി ഉദ്ദേശിച്ചതെന്നും അണ്ണാമലൈ പറഞ്ഞു.
Content Highlight: DMK holds protest against PM’s ‘Puri temple key in Tamil Nadu’ remark