ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നിലനിര്‍ത്താനൊരുങ്ങി സ്റ്റാലിന്റെ ഡി.എം.കെ. രാവിലെ ആരംഭിച്ച വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ മേധാവിത്വമാണ് സംസ്ഥാനത്തുടനീളം നേടിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ 21 കോര്‍പ്പറേഷനിലേക്കും 138 മുനിസിപ്പാലിറ്റിയിലേക്കും 489 ടൗണ്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലേതെന്നതുപോലെ ഭരണവിരുദ്ധ വികാരമില്ലാത്ത തെരഞ്ഞെടുപ്പ് ഫലങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഡി.എം.കെയുടെ മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെ തങ്ങളുടെ ശക്തിദുര്‍ഗങ്ങളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കുന്നുണ്ട്. നിയസഭയിലെ സഖ്യകക്ഷിയായ ബി.ജെ.പി ഒപ്പമില്ലാതെയാണ് എ.ഐ.എ.ഡി.എം.കെ മത്സരത്തിനിറങ്ങിയത്.
സീറ്റ് ചര്‍ച്ചകളില്‍ വന്ന അലോസരങ്ങള്‍ കാരണമാണ് ബി.ജെ.പി ഇത്തവണ സഖ്യമില്ലാതെ ഒറ്റയ്ക്ക് ദ്രാവിഡ രാഷ്ട്രീയത്തില്‍ മത്സരത്തിനിറങ്ങിയത്. എന്നാല്‍ പാടെ പരാജയപ്പെട്ട രാഷ്ട്രീയ നീക്കമായിട്ടാണ് ഇപ്പോളിതിനെ വിലയിരുത്തുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ സീറ്റുകള്‍ നേടാനായത് മാത്രമാണ് പാര്‍ട്ടിയെ സംബന്ധിച്ച് ഏക ആശ്വാസം. ചില വാര്‍ഡുകളില്‍ ഒറ്റവോട്ട് മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്.
ഫലം പ്രഖ്യാപിച്ച 100 മുനിസിപ്പാലിറ്റികളിലെ 344 കൗണ്‍സിലര്‍മാരില്‍ ഡി.എം.കെയുടെ 253 സ്ഥാനാര്‍ത്ഥികളാണ് ജയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. എ.ഐ.എ.ഡി.എം.കെ 71 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ഡി.എം.ഡി.കെ മൂന്ന് സീറ്റുകളിലും ജയിച്ചു.