ബി.ജെ.പി തമിഴ്‌നാട്‌ അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.കെ
national news
ബി.ജെ.പി തമിഴ്‌നാട്‌ അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 9:38 am

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ നഷ്ടപരിഹാരത്തിന് നോട്ടീസയച്ച് ഡി.എം.കെ. ഡി.എം.കെയ്ക്കും പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനുമെതിരെ അണ്ണാമലൈ നടത്തിയ ആരോപണങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡി.എം.കെ സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ സാധിക്കാതിരുന്ന അണ്ണാമലൈയും ബി.ജെ.പിയും, ഡി.എം.കെക്കും പാര്‍ട്ടി അധ്യക്ഷനും മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി അണ്ണാമലൈ രംഗത്തെത്തിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് എം.കെ സ്റ്റാലിന്‍ 200 കോടി രൂപ കൈപ്പറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്. സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റേതുള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട്, ഇതിനെതിരെയും അണ്ണാമലൈ രംഗത്ത് വന്നിരുന്നു.

വ്യക്തികളുടെ സ്വത്തും പാര്‍ട്ടിയുടെ സ്വത്തും തമ്മിലുള്ള വ്യത്യാസമെങ്കിലും അണ്ണാമലൈ മനസിലാക്കണമെന്ന് ഡി.എം.കെ സംഘടനാ സെക്രട്ടറി ഭാരതി പറഞ്ഞു. 2019ല്‍ ബി.ജെ.പി ദല്‍ഹിയിലും മധ്യപ്രദേശിലും തങ്ങളുടെ പുതിയ പാര്‍ട്ടി ഓഫീസുകള്‍ തുറന്നിരുന്നു, 700 കോടിയും 100 കോടിയുമായിരുന്നു ഇതിന്റെ ചെലവ്, ഈ തുകയുടെ ഉറവിടത്തെക്കുറിച്ച് ബി.ജെ.പി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ആ തുക മുഴുവനും അഴിമതിയിലൂടെ സമ്പാദിച്ച അനധികൃത സ്വത്താണെന്ന് പറയാന്‍ കഴിയുമോ എന്നും ഭാരതി ചോദിച്ചു.

2018നും 2022നുമിടയില്‍ ഇലക്ടറല്‍ ബോണ്ടുകളിലൂടെ 5270 കോടി രൂപ ബി.ജെ.പി നേടിയതിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തയെക്കുറിച്ചും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

‘ഇലക്ടറല്‍ ബോണ്ടുകളിലൂടെ നേടിയ ഫണ്ടിന്റെ ഉറവിടങ്ങളും ആരാണ് സംഭാവന ചെയ്തതെന്ന കാര്യങ്ങളും പൊതുസമൂഹത്തിന് ഇന്നും അജ്ഞാതമാണ്. ഈ തുക ബി.ജെ.പിക്ക് നേരായ വഴിയിലൂടെയല്ലാതെ ലഭിച്ചതായി കണക്കാക്കാന്‍ കഴിയുമോ?,’ ഭാരതി ചോദിച്ചു.

Content Highlights: DMK has demanded Rs 500 crore compensation against BJP state president Annamala