തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഇന്ത്യാ മുന്നണി; കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മത്സരിക്കും; ഡി.എം.കെ 21
India
തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഇന്ത്യാ മുന്നണി; കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മത്സരിക്കും; ഡി.എം.കെ 21
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 8:18 pm

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഡി.എം.കെയും കോണ്‍ഗ്രസും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും പുതുച്ചേരിയില്‍ ഒരു സീറ്റിലും മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഡി.എം.കെ 21 സീറ്റിലാണ് മത്സരിക്കുക. തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും ഡി.എം.കെയുടെയും മറ്റ് സഖ്യ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

സി.പി.എം, സി.പി.ഐ, വി.സി.കെ എന്നീ പാര്‍ട്ടികള്‍ രണ്ട് സീറ്റുകള്‍ വീതവും എം.ഡി.എം.കെ, മുസ്‌ലിം ലീഗ്, കെ.എം.ഡി.കെ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും ലഭിച്ചിട്ടുണ്ട്.

അതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്കും കോൺ​ഗ്രസിനും പിന്തുണ പ്രഖ്യാപിച്ച് കമൽഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം) രം​ഗത്തെത്തിയിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കമൽഹാസൻ അറിയിച്ചു.

രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് താൻ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നതെന്ന് കമൽഹാസൻ പറഞ്ഞു. ‘ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാജ്യത്തിന് വേണ്ടിയാണ് ഞാൻ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത്. അല്ലാതെ ഒരു സ്ഥാനത്തിനും വേണ്ടിയല്ല,’ കമൽഹാസൻ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് തന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു കമൽഹാസന്റെ പ്രതികരണം. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിക്ക് ഒരു സീറ്റ് അനുവദിക്കാനും ഡി.എം.കെയിൽ ധാരണയായിട്ടുണ്ട്.

Content Highlight: DMK finalises seat-sharing pact with Congress, allots 9 seats in Tamil Nadu