ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ ശക്തമായ നിര്‍ദേശങ്ങളെ അവഗണിച്ച് പാര്‍ട്ടിക്കുള്ളിലെ വിമതര്‍. തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യക്ഷികള്‍ക്കനുവദിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍, ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെക്കാനുള്ള സ്റ്റാലിന്റെ നിര്‍ദേശത്തെയാണ് വിമതര്‍ തള്ളിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഡി.എം.കെയുടെ സഖ്യക്ഷികള്‍ക്കനുവദിച്ച സീറ്റില്‍ ഡി.എം.കെ പ്രാദേശിക നേതാക്കള്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിജയിച്ച ശേഷം അവര്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതെ വന്നപ്പോഴാണ് സഖ്യകക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡി.എം.കെ ജില്ലാ-സംസ്ഥാന നേതാക്കളെ സമീപിച്ചത്.
എന്നാല്‍ ജില്ലാ-സംസ്ഥാന നേതാക്കളുടെ വാക്കുകളെ വിമതര്‍ അവഗണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ തന്നെ വിമതരോട് സ്ഥാനം ഒഴിയാനാവശ്യപ്പെട്ടത്.
ഇതിന് തയ്യാറാവാത്ത നേതാക്കള്‍ എല്ലാവരും ശക്തമായ അച്ചടക്ക നടപടികള്‍ക്ക് വിധേയരാവേണ്ടി വരുമെന്ന മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കിയിരുന്നു.
എന്നാല്‍, ജില്ലാ-സംസ്ഥാന നേതാക്കളുടെയും സ്റ്റാലിന്റെ തന്നെയും വാക്കുകളെ പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണ് മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച പ്രാദേശിക നേതാക്കളുടെ / വിമതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
എം.ഡി.എം.കെ നേതാവായ വൈകോയുടെ തിരുവെങ്കിടപുരത്ത് മുന്നണി സംവിധാനത്തിന്റെ ഭാഗമായി ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എം.ഡി.എം.കെയ്ക്കായിരുന്നു നല്‍കിയിരുന്നത്.
എന്നാല്‍ പാര്‍ട്ടിയുടെ തന്നെ സഖ്യകക്ഷിക്കെതിരെ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ഡി.എം.കെ നേതാവ് സെര്‍മാതുരൈ സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയായിരുന്നു.
ഈ വിഷയം തെങ്കാശിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡി.എം.കെ മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡി.എം.കെയുടെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് എം.ഡി.എം.കെ തെങ്കാശി ജില്ലാ സെക്രട്ടറി ടി.എം. രാജേന്ദ്രന്‍ വ്യക്തമാക്കുന്നത്.
ഇതേ അവസ്ഥ തന്നെയാണ് ചില മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും നിലനില്‍ക്കുന്നത്.
ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐയ്ക്ക് അനുവദിച്ച പുളിയങ്കുടി മുനിസിപ്പാലിറ്റിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നാണ് ഡി.എം.കെ നേതാവായ ആന്റണിസാമിയുടെ നിലപാട്. വിഷയം സി.പി.ഐ, ഡി.എം.കെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.