കരുണാനിധി രാജ്യത്തേറ്റവും ആരാധ്യനായ നേതാവ്; സര്‍ക്കാര്‍ ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് ഡി.എം.കെ
national news
കരുണാനിധി രാജ്യത്തേറ്റവും ആരാധ്യനായ നേതാവ്; സര്‍ക്കാര്‍ ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th August 2018, 8:20 pm

ന്യൂദല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് ഡി.എം.കെ നേതൃത്വം. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള ശരിയായ അംഗീകാരമായിരിക്കും ഭാരതരത്‌നമെന്ന് ഡി.എം.കെ അഭിപ്രായപ്പെട്ടു.

രാജ്യസഭയിലെ സീറോ അവറില്‍ ഡി.എം.കെയുടെ തിരുച്ചി ശിവയാണ് വിഷയം അവരിപ്പിച്ചത്. രാജ്യത്തേറ്റവും ആരാധ്യനായ നേതാവെന്നും ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനെന്നുമാണ് തിരുച്ചി ശിവ സഭയില്‍ കരുണാനിധിയെ വിശേഷിപ്പിച്ചത്.

“ഒരു നൂറ്റാണ്ടിനെക്കാള്‍ അഞ്ചു വര്‍ഷം കുറവാണ് അദ്ദേഹം ജീവിച്ച കാലം. അതില്‍ 80 വര്‍ഷവും പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അധഃകൃതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.”

 

Also Read: “ഉന്നതവിദ്യാഭ്യാസ രംഗത്ത് മോദി സര്‍ക്കാര്‍ എന്താണ് ചെയ്തത്?”: ഐ.ഐ.ടി ബോംബെ ബിരുദദാനച്ചടങ്ങില്‍ മോദി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

 

“മികച്ച വാഗ്മിയും എഴുത്തുകാരനും ചിന്തകനും മനുഷ്യസ്‌നേഹിയുമെല്ലാമായിരുന്നു കരുണാനിധി. നടനായിരുന്നു. 80 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയഴുതിയിട്ടുമുണ്ട്.” കരുണാനിധിയുടെ നേട്ടങ്ങള്‍ അക്കമിട്ടു വിവരിച്ചുകൊണ്ട് ശിവ സഭയില്‍ പറഞ്ഞു.

പകരം വയ്ക്കാനില്ലാത്ത നേതാവാണ് കരുണാനിധിയെന്നും എല്ലാ മേഖലയിലും നേട്ടം കൊയ്ത വ്യക്തിയായിരുന്നെന്നും ഡി.എം.കെ നേതാവ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുന്നതായും ശിവ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടോളം ഡി.എം.കെയുടെ തലപ്പത്തിരുന്ന കരണാനിധി അഞ്ചു തവണകളിലായി 19 വര്‍ഷം തമിഴ്‌നാട് മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.