ചെന്നൈ: കഴിഞ്ഞ ഏപ്രില്‍ 6ന് തമിഴ്‌നാട്ടില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ വ്യക്തികളും വാഹനങ്ങളും അനധികൃതമായി പ്രവേശിച്ചതായി ഡി.എം.കെ ആരോപിച്ചു.
ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്കും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സത്യബ്രത സാഹുവിനും പരാധി നല്‍കിയതായി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.
കോയമ്പത്തൂര്‍, തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന ക്യാമ്പുസുകളില്‍ വാഹനങ്ങള്‍ സംശയാസ്പദമായി വരുന്നതായും വാഹനങ്ങള്‍ക്കു സമീപം നിരവധി വൈഫൈ കണക്ഷനുകള്‍ ആക്റ്റീവായി കാണപ്പെട്ടതായും സ്റ്റാലിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള സ്ട്രോങ് റൂം ക്യാമ്പസുകളില്‍ പ്രോട്ടോക്കോളിന്റെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോങ് റൂം ക്യാമ്പസ് മേല്‍നോട്ടമുള്ള ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാമനാഥപുരം, നെയ്വേലി, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ചില വ്യക്തികള്‍ സ്ട്രോങ് മുറികളിലേക്ക് പ്രവേശിച്ച സംഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളിലെയും എല്ലാ ഇ.വിഎമ്മുകളുടെയും സമ്പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക