| Monday, 28th October 2024, 1:16 pm

വിജയ് ബി.ജെ.പിയുടെ സി ടീമെന്ന് ഡി.എം.കെ; കരുത്തുറ്റ പാര്‍ട്ടിയുമായി വന്നതിന് അഭിനന്ദിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിജയ്‌ക്കെതിരെ പ്രതികരിച്ച് ഡി.എം.കെ. വിജയ് ബി.ജെ.പിയുടെ സി ടീമാണെന്നാണ് തമിഴ്‌നാട് നിയമമന്ത്രി രഘുപതിയുടെ വിമര്‍ശനം. വിജയ് നടത്തിയ ടി.വി.കെ സമ്മേളനം സിനിമാ പരിപാടിയാണെന്നും ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങള്‍ ഡി.എം.കെ നടത്തിയിട്ടുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. അണ്ണാ ഡി.എം.കെയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ വിജയ്ക്ക് കഴിയൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി.വി.കെയുടെ നയങ്ങള്‍ എന്തെന്ന് വിജയ് കൃത്യമായി വെളിപ്പെടുത്തിയില്ലെന്നും പകരം വലിയൊരു ജനക്കൂട്ടത്തെ ഡി.എം.കെയെ ആക്രമിക്കാനായി ഒരുക്കുകയായിരുന്നുവെന്നും ഡി.എം.കെ വക്താവ് ടി.കെ. എസ്. ഇളങ്കോവന്‍ പറഞ്ഞു.

അതേസമയം ഡി.എം.കെയെ വിമര്‍ശിക്കാന്‍ കഴിവുള്ള കരുത്തുറ്റ പാര്‍ട്ടിയുമായി വന്നതില്‍ വിജയ്‌യെ ബി.ജെ.പി വക്താവ് സൗന്ദരരാജന്‍ അഭിനന്ദിച്ചു.

സഖ്യകക്ഷികള്‍ക്ക് കൂടി അധികാരം നല്‍കുമെന്ന പ്രഖ്യാപനത്തെ ചെറുപാര്‍ട്ടികളെല്ലാം വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബി.ജെ.പി സഖ്യകക്ഷികളായ പുതിയ തമിഴകവും ഇന്ത്യ ജനനായകവും വിജയിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

‘ജനിച്ചവരെല്ലാം തുല്യര്‍’ എന്നാണ് പാര്‍ട്ടിയുടെ നയം. സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹം പടുത്തുയര്‍ത്തുക എന്നതും പാര്‍ട്ടിയുടെ നയമാണെന്നും വിജയ് ഇന്നലെ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയുമെന്നും വിജയ് വ്യക്തമാക്കി.എതിരാളി ആരായാലും മാന്യമായി എതിര്‍ക്കുമെന്നുമാണ് വിജയ് പറഞ്ഞത്.

ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ലെന്നും പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ വിജയ്, ദ്രാവിഡ മോഡല്‍ പറഞ്ഞ് ഡി.എം.കെ ജനങ്ങളെ വഞ്ചിക്കുന്നുവെന്നും വിമര്‍ശിച്ചിരുന്നു.

Content Highlight: DMK calls Vijay BJP’s C team; Appreciating BJP for coming up with a strong party

We use cookies to give you the best possible experience. Learn more