| Monday, 19th August 2019, 1:54 pm

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ ദല്‍ഹിയില്‍ ഡി.എം.കെയുടെ പ്രതിഷേധം ; നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ ദല്‍ഹിയില്‍ ഡി.എം.കെയുടെ പ്രതിഷേധം. ആഗസ്റ്റ് 22 നാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. ജന്തര്‍മന്ദിര്‍ നിന്ന് രാവിലെ 11 മണിക്ക് പ്രകടനം ആരംഭിക്കും. ഡി.എം.കെ എം.പിമാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരും നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്ന നേതാക്കളെ എത്രയും പെട്ടെന്ന് മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് പ്രതിഷേധം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെയും ഡി.എം.കെ രംഗത്തെത്തിയിരുന്നു.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതാണെന്നായിരുന്നു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയത്.

ജമ്മുകശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് സമാനമാണ്.

തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതില്‍ മാത്രമാണ് ബി.ജെ.പി. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ആളുകളുടെ വികാരത്തെ അവര്‍ മാനിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് നിലവിലെ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നത്.

ജനാധിപത്യത്തിന് വിരുദ്ധമായ പാതയിലാണ് മോദിസര്‍ക്കാര്‍ നീങ്ങുന്നത്. രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

ജമ്മുകശ്മീര്‍ വിഭജന നീക്കത്തെ എ.ഐ.എ.ഡി.എം.കെ. പിന്തുണയ്ക്കുന്നതിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more