| Thursday, 3rd November 2022, 9:23 am

തമിഴ്‌നാട് ഗവര്‍ണറെ പുറത്താക്കാന്‍ നിവേദനവുമായി ഡി.എം.കെ; പിന്തുണയുമായി സി.പി.ഐ.എമ്മും, കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ നീക്കം ശക്തമാക്കി ഡി.എം.കെ. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കും. ഗവര്‍ണറെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനാണ് നിവേദനം നല്‍കുക.

കോയമ്പത്തൂര്‍ സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.എം.കെ ഗവര്‍ണറെ പിന്‍വലിക്കാന്‍ പിന്തുണ തേടിയത്.

ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ട്രഷററും എം.പിയുമായ ടി.ആര്‍. ബാലു എം.പിമാര്‍ക്കും, ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കും കത്തെഴുതി. നേതാക്കളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി നിവേദനം സമര്‍പ്പിക്കാനാണ് ഡി.എം.കെ നീക്കം.

ഡി.എം.കെ നീക്കവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ ഒന്നിക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. എം.ഡി.എം.കെ നേതാവ് വൈക്കോയും ഇക്കാര്യത്തിലുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്.

കേരള ഗവര്‍ണറുടെ സമാന മനോഭാവത്തിനെതിരെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അവിടെയും ഒന്നിച്ചുനില്‍ക്കുമെന്നാണ് ഡി.എം.കെ പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞിരുന്നു.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും, ഐ.യു.എം.എല്‍, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ എന്നീ പാര്‍ട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഡി.എം.കെ മുന്നണിക്ക് ലോക്‌സഭയില്‍ 38 ഉം രാജ്യസഭയില്‍ 12 എം.പിമാരുണ്ട്. മൊത്തം 50 എം.പിമാരില്‍, ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും പിന്നീട് സഖ്യം വിട്ട ഐ.ജെ.കെ എം.പി ഡോ. ടി.ആര്‍. പാരിവേന്ദര്‍ ഒഴികെ മറ്റെല്ലാവരും ഒപ്പിടുമെന്നാണ് പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ഡി.എം.കെ നേതൃത്വം ഇക്കാര്യം കൂടിയാലോചിച്ചിട്ടുണ്ട്. ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ച് ഐക്യനീക്കത്തിനുള്ള ആസൂത്രണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ ഗവര്‍ണറായി ചുമതലയേറ്റെടുത്തത് മുതല്‍ ആര്‍.എന്‍. രവി നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാരുമായി നിരന്തരം പ്രശ്നങ്ങളും ഉടലെടുത്തിരുന്നു.

ഒടുവില്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ സംസ്ഥാനത്തെ 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്കെതിരെ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. എല്ലാ രാജ്യങ്ങളും ഏതെങ്കിലും ഒരു മതത്തെ ആശ്രയിച്ചിരുന്നുവെന്നും ഇന്ത്യയിലും സമാനമാണെന്നുമായിരുന്നു ആര്‍.എന്‍.രവി നടത്തിയ പ്രസ്താവന.

ഗവര്‍ണര്‍ക്കെതിരായ തുറന്ന സമരത്തിന് സഖ്യ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ദേശീയ പ്രതിപക്ഷനിരയിലെ നേതൃപരമായ ഇടപെടലും ഡി.എം.കെ ലക്ഷ്യമിടുന്നുണ്ട്.

Content Highlight: DMK alliance to approach President, seek Tamil Nadu governor recall

We use cookies to give you the best possible experience. Learn more