ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അടി തെറ്റി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ). പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയുടെ മണ്ഡലത്തില്‍ പോലും എ.ഐ.എ.ഡി.എം.കെ പിന്നിലാണ്.
പളനിസാമിയുടെ വീട് സ്ഥിതി ചെയ്യുന്ന സേലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 23ാം വാര്‍ഡിലും ഡി.എം.കെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിരിക്കുന്നത്. 1366 വോട്ടിന്റെ ഭൂരിപക്ഷമാണ് ഡി.എം.കെയ്ക്കുള്ളത്.
ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ എ. ശിവകാമി 3,694 വോട്ട് നേടിയപ്പോള്‍ എതിര്‍കക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ടി. ഇന്ദിരയ്ക്ക് 2,328 വോട്ട് മാത്രമാണ് നേടാനായത്.
2 മണി വരെ തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട തെരഞ്ഞടുപ്പ് ഫലങ്ങള്‍ പ്രകാരം 75 ശതമാനം സീറ്റുകളും ഡി.എം.കെ സ്വന്തമാക്കിയിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച 438 കോര്‍പ്പറേഷന്‍ സീറ്റുകളില്‍ 376 ഉം സ്വന്തമാക്കിയാണ് ഡി.എം.കെ മുന്നേറുന്നത്. 53 സീറ്റുകളില്‍ മാത്രം എ.ഐ.എഡി.എം.കെ ഒതുങ്ങിയപ്പോള്‍ മൂന്ന് സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്.
138 മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള 2014 സീറ്റുകളിലേക്കുള്ള ഫലം പുറത്തു വന്നപ്പോള്‍ 1430 സീറ്റുകളിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത് 71 ശതമാനമാണ് ഡി.എം.കെയുടെ സ്‌ട്രൈക്ക് റേറ്റ്.
എ.ഐ.എ.ഡി.എം.കെ 334 സീറ്റിലും ബി.ജെ.പി 31 സീറ്റിലുമാണ് നിലവില്‍ വിജയിച്ചിരിക്കുന്നത്. മറ്റ് പാര്‍ട്ടികളായ എ.എം.എം.കെ 19 സീറ്റിലും പി.ഐ.കെ 17 സീറ്റിലും ഡി.എം.ഡി.കെ 6 സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്.
489 ടൗണ്‍പഞ്ചായത്തുകളില്‍ ആകെയുള്ള 7621 സീറ്റുകളില്‍, 6508 സീറ്റിലെ ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ 4287 (65%) സീറ്റുകളും ഡി.എം.കെ ജയിച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 1084 (16%) സീറ്റുകള്‍ മാത്രമാണ് നേടാനായത്.
ബി.ജെ.പി – 135. പി.എം.കെ – 57, ഡി.എം.ഡി.കെ – 18, എ.എം.എം.കെ 57, എന്‍.ടി.കെ – 5 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളിലെ സീറ്റ് നില.
Content Highlight: DMK alliance sweeps urban local body polls, AIADMK bested in Edapaddi too