| Wednesday, 24th June 2020, 4:29 pm

'അവര്‍ പ്രതിഷേധക്കാരെ വെടിവെച്ചു; മുസ്‌ലിം വീടുകള്‍ തെരഞ്ഞു പിടിച്ച് അക്രമിച്ചു'; ദല്‍ഹി കലാപത്തില്‍ പൊലീസിനെതിരെ നല്‍കിയ പരാതികള്‍ പുറത്തുവിട്ട് കാരവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണവുമായി ദൃക്‌സാക്ഷികള്‍. ഇവര്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.

ഒരു ഡെപ്യൂട്ടി കമ്മീഷണര്‍, രണ്ട് അഡീഷണല്‍ കമ്മീഷണര്‍മാര്‍, രണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ദൃക്‌സാക്ഷികള്‍ വ്യാപകമായി പരാതി നല്‍കിയിരിക്കുന്നത്.

ദല്‍ഹിയിലെ മുസ്‌ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി, യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തു, തീവെപ്പ് നടത്തി, കലാപത്തിനിടെ കൊള്ളയടിച്ചു തുടങ്ങിയ ഗുരുതരാരോപണങ്ങള്‍ ദൃക്‌സാക്ഷികള്‍ ഉന്നയിച്ചതായി ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി നല്‍കിയ ഒരു സ്ത്രീ പറഞ്ഞത്, ചാന്ദ് ബാഗില്‍ നിന്നുള്ള മൂന്ന് പൊലീസുദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് അവരെ കൊല്ലുന്നത് കണ്ടുവെന്നാണ്. ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ എ.സി.പി അനൂജ് ശര്‍മ, ദയല്‍പുര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ തര്‍കേഷ് വാര്‍സിംഗ്, ഭജന്‍പുര പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ആര്‍.എസ് മീന എന്നിവര്‍ക്കെതിരെയാണ് ആരോപണം.

‘ഞാന്‍ യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കണ്ട് ഭയന്നുപോയി. ആരു വന്ന് ഞങ്ങളെ അന്ന് രക്ഷിക്കുമെന്നും ഞാന്‍ ചിന്തിച്ച് പോയി,’പരാതി നല്‍കിയ സ്ത്രീ പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ പൊലീസുദ്യോഗസ്ഥര്‍ തങ്ങളെ കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ചിലും ഫെബ്രുവരി മാസത്തിലുമാണ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ പരിസരവാസികള്‍ പരാതികള്‍ നല്‍കിയത്. എന്നാല്‍ ഈ കേസുകളില്‍ ഇതുവരെയും എഫ്.ഐ.ആര്‍ പോലും തയ്യാറാക്കിയിട്ടില്ല.

ദല്‍ഹി കലാപത്തിന് കാരണമായെന്ന് വിശ്വസിക്കുന്ന കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നിരവധിപേര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലെന്ന് കാരവന്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈദ് ഗാഹ് ഗ്രൗണ്ടിലെ താത്കാലിക അഭയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് കഴിയുന്ന ആളുകളാണ് പൊലീസ് ഹെല്‍പ് ഡെസ്‌കില്‍ പരാതി നല്‍കിയവരില്‍ ഭൂരിഭാഗം പേരും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതിപ്പെടാന്‍ പോയവരില്‍ നിന്നും പൊലീസ് പരാതി സ്വീകരിക്കാത്ത നടപടിയുണ്ടായി. നിരവധി പരാതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ലഫ്. ഗവര്‍ണറുടെയും ഓഫീസുകളിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചത്.

നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയിലെ ഡി.സി.പി വേദ്പ്രകാശ് സൂര്യക്കെതിരെയും പരാതികള്‍ വന്നിട്ടുണ്ട്. ദല്‍ഹിയില്‍ കപില്‍ മിശ്ര വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍ വേദ് പ്രകാശ് സൂര്യ അതിനെ എതിര്‍ക്കാതെ അദ്ദേഹത്തിനരികെ നില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഹമ്മദ് ജാമി റിസ്‌വി എന്ന ദല്‍ഹി നിവാസി നല്‍കിയ പരാതിയില്‍ ഡി.സി.പി ഫെബ്രുവരി 23ന് പ്രതിഷേധക്കാരുള്ള തെരുവിലൂടെ പട്രോളിംഗ് നടത്തുകയും ദളിതുകളെയും മുസ്‌ലിങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

‘രണ്ട് ദിവസത്തിന് ശേഷം ഇവിടെ പ്രതിഷേധ സമരം ഉണ്ടാവരുതെന്ന് ഞങ്ങള്‍ക്ക് മുകളില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. അതില്‍ കൂടുതല്‍ നിങ്ങള്‍ പ്രതിഷേധിച്ചാല്‍ നിങ്ങളുടെ പ്രതിഷേധവും നിങ്ങളും കൊല്ലപ്പെടും. നിങ്ങള്‍ കൊല്ലപ്പെട്ടിരിക്കും,” പരാതിയില്‍ ദേവ് പ്രകാശ് ഭീഷണിപ്പെടുത്തിയതായി പറയുന്നു.

മുഹമ്മദ് ഇല്യാസ് എന്ന പരാതിക്കാരനും ഇതേ കാര്യം തന്നെ പരാതിയായി നല്‍കിയിട്ടുണ്ട്.

റെഹ്മത് എന്ന സ്ത്രീ നല്‍കിയ പരാതിയില്‍ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്.

‘ഫെബ്രുവരി 23ന് വൈകുന്നേരം ഒരു നാലു മണിയോടു കൂടി കപില്‍ മിശ്രയും ഗുണ്ടകളും ഡി.സി.പി വേദ് പ്രകാശ് സൂര്യക്കൊപ്പം പ്രതിഷേധക്കാരുടെ അടുത്തേക്കെത്തി. കപില്‍ മിശ്രക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകളുടെ പക്കല്‍ തോക്കുകളും വാളുകളും കല്ലുകളും നീളത്തിലുള്ള വടികളും ഉണ്ടായിരുന്നു,’ റെഹ്മത് പരാതിയില്‍ പറയുന്നു.

പ്രതിഷേധക്കാരുടെ അടുത്തെത്തിയ ഉടനെ കപില്‍ മിശ്ര മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി-‘രാജ്യദ്രേഹികള്‍ക്കു നേരെ വെടിവെക്കൂ; ജയ് ശ്രീ റാം;മുസ്‌ലിങ്ങളെ ഇല്ലാതാക്കൂ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നല്‍കിയ പരാതികള്‍ ദല്‍ഹി പൊലീസ് മുക്കിയെന്നും കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more