Advertisement
karnataka Congress
ആവശ്യമെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കും: ഡി.കെ ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 06, 02:42 pm
Saturday, 6th July 2019, 8:12 pm

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ കഠിന പരിശ്രമങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. ജലസേചന മന്ത്രി ഡി.കെ ശിവകുമാര്‍ ആണ് ഇക്കുറിയും പ്രശ്‌നപരിഹാരത്തിനായി മുന്നില്‍ നിന്ന് പരിശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സംസ്ഥാനത്തെത്തിയിട്ടുണ്ട്.

പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന നേതാവായ  മല്ലികാര്‍ജുന ഖാര്‍ഗെയുടെ പേരും ഉയര്‍ന്ന് വന്നു. സാഹചര്യം ആവശ്യപ്പെട്ടാല്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഡി.കെ ശിവകുമാര്‍ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമായിരുന്നു അത്. പിന്നീടുള്ള മണിക്കൂറുകളില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പേര് മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വന്നില്ല.

സംസ്ഥാനത്തെ സംഭവ വികാസങ്ങളോട് രാത്രി മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു. ‘വര്‍ഷങ്ങളായി പാര്‍ട്ടിയുമായി സഹകരിക്കുന്ന നിരവധി എം.എല്‍.എമാര്‍ രാജിവച്ചു. അവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടിയെ പിന്തുണക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ ബംഗളൂരുവിലേക്ക് പോകുകയാണ്. അവിടെയത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷമേ പ്രതികരിക്കൂ’ -ഖാര്‍ഗെ പറഞ്ഞു

കര്‍ണാടകയില്‍ എം.എല്‍.എമാരുടെ രാജി തുടരുന്നു. 14 എം.എല്‍.എമാര്‍ നിലവില്‍ രാജിവെച്ചിട്ടുണ്ടെന്ന് ജെ.ഡി.എസ് വിമത നേതാവ് എച്ച് വിശ്വനാഥ് പറഞ്ഞു.

‘സഖ്യകക്ഷി സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് സ്വമേധയാ രാജിവെക്കുകയായിരുന്നു’- വിശ്വനാഥ് പറഞ്ഞു.

ഓപറേഷന്‍ കമലവുമായി എം.എല്‍.എമാരുടെ രാജിക്ക് ബന്ധമില്ലെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം എം.എല്‍.എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയേയും കണ്ടതായും റിപ്പോര്‍ട്ടുണ്ട്.