ന്യൂദല്‍ഹി: വി.ജി സിദ്ധാര്‍ത്ഥ് ഇത്തരമൊരു കത്ത് എഴുതിയെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇപ്പോള്‍ പ്രചരിക്കുന്ന കത്തില്‍ ജൂലൈ 27 എന്ന തിയ്യതിയാണുള്ളത്. ജൂലൈ 28ന് അദ്ദേഹം എന്നെ വിളിച്ച് നേരിട്ട് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ എന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായെന്നുമാണ് സിദ്ധാര്‍ത്ഥ് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നത്.
കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ‘ആരെയെങ്കിലും ചതിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടു. ഇത് ആത്മാര്‍ത്ഥമായ തുറന്നു പറച്ചിലാണ്. ഒരു ദിവസം നിങ്ങള്‍ ഇത് മനസിലാക്കുമെന്നും എനിക്ക് മാപ്പു തരുമെന്നും പ്രതീക്ഷിക്കുന്നു.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥയെ നേത്രാവതി പുഴയില്‍ കാണാതായത്.
ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്.
കഫേ കോഫി ഡേ ഇടപാടുകളില്‍ അഴിമതി നടന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ.