കര്‍ണാടക ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ ഡി.കെ ശിവകുമാര്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെക്കന്‍ കര്‍ണാടകയിലെ മണ്ഡലങ്ങളിലൂടെയുള്ള പ്രചരണമാണ് ശിവകുമാര്‍ ഇപ്പോള്‍ നടത്തുന്നത്. 15 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനാണ് നടക്കുന്നത്.
പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ശിവകുമാറിനെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. മണ്ഡലങ്ങളിലെ വൊക്കലിഗ സമുദായത്തിന്റെ വോട്ടുകള്‍ പ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ നേടിയെടുക്കുക എന്നതാണ് ശിവകുമാറിന്റെ ലക്ഷ്യം. വൊക്കലിഗ സമുദായത്തിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് പ്രചരണത്തില്‍ ശിവകുമാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
അധികാരത്തില്‍ തിരികെ വരണമെങ്കില്‍ സമുദായങ്ങളായ ലിംഗായത്തുകളുടെയും വൊക്കലിഗയുടേയും പിന്തുണ വളരെ പ്രധാനമാണ്.ലിംഗായത്തുകള്‍ കാലങ്ങളായി ബി.ജെ.പിയെയാണ് പിന്തുണക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസ് വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടാനാണ് ശ്രമിക്കുന്നത്.
ഹരിയാനയില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച അതേ തന്ത്രം തന്നെയാണ് കര്‍ണാടകയിലും പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാട്ട് സമുദായത്തിന്റെ വോട്ട് ഭൂപീന്ദര്‍ സിംഗ് ഹൂഡയിലൂടെയും ദളിത് സമുദായത്തിന്റെ വോട്ടുകള്‍ കുമാരി ഷെല്‍ജയിലൂടെയും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്തത്. ഇതേ തരത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ സിദ്ധരാമയ്യയിലൂടെയും ദളിത് വോട്ടുകള്‍ ജി പരമേശ്വരയ്യയിലൂടെയും മല്ലികാര്‍ജുനെ ഖാര്‍ഗെയിലൂടെയും വൊക്കലിഗ വോട്ടുകള്‍ ശിവകുമാറിലൂടെയും സ്വന്തമാക്കാം എന്നാണ് കോണ്‍ഗ്രസ് തന്ത്രം.