| Tuesday, 19th November 2019, 6:37 pm

ഡി.കെ ശിവകുമാര്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി; 'അവരെ ഒരു പാഠം പഠിപ്പിക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി ഇടപെടാന്‍ താന്‍ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. എങ്കിലും അല്‍പ്പസമയം തെരഞ്ഞെടുപ്പ് ഗോദയില്‍ ചെലവഴിക്കാന്‍ ശിവകുമാര്‍ തയ്യാറായി.

തിങ്കളാഴ്ച ചികബല്ലാപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. അഞ്ജനപ്പയുടെ പത്രിക സമര്‍പ്പണത്തിനാണ് ശിവകുമാറെത്തിയത്. പത്രിക സമര്‍പ്പണത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശിവകുമാര്‍ അഭിസംബോധന ചെയ്തു.

കൂറുമാറിയവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കാരണം അവരാണ് ആവശ്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനിടയാക്കിയതെന്ന് ശിവകുമാര്‍ പറഞ്ഞു.

ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് വലിയ റോളൊന്നുമുണ്ടാകില്ലെന്ന ഡി.കെയുടെ പ്രസ്താവന നേതൃത്വത്തെ നിരാശപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധിക ചുമതലകളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ലെന്നാണ് ഡി.കെ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിക്കാത്തത് എന്ന ചോദ്യത്തിന് കേസുമായി ബന്ധപ്പെട്ട് നിയമപരമായി താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പാര്‍ട്ടിക്ക് അറിയാവുന്നതുകൊണ്ടാണ് അതെന്നായിരുന്നു ഡി.കെയുടെ മറുപടി. കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ തന്റെ കടമ കഴിയുന്നത്ര ഭംഗിയായി നിര്‍വഹിക്കുമെന്നും ഡി.കെ പറഞ്ഞു.

We use cookies to give you the best possible experience. Learn more