| Tuesday, 2nd June 2020, 12:35 pm

ഡി.കെ ശിവകുമാറിനെ 'ഔദ്യോഗികനാവാന്‍' അനുവദിക്കാതെ കര്‍ണാടക സര്‍ക്കാര്‍; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഡി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായുള്ള ചുമതല ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഡി.കെ ശിവകുമാറിനെ അനുവദിക്കാതെ കര്‍ണാടക സര്‍ക്കാര്‍. യെദിയൂരപ്പ സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡി.കെ ശിവകുമാര്‍ ആരോപിച്ചു. രണ്ടാമത്തെ തവണയാണ് കൊവിഡിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ നിശ്ചയിച്ച തിയതി നീട്ടാന്‍ ആവശ്യപ്പെടുന്നത്.

ലോക്ഡൗണില്‍ രാഷ്ട്രീയപരമായ പരിപാടികള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശമെന്നാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ വാദം. ജൂണ്‍ ഏഴിനാണ് ഡി.കെ ഔദ്യോഗിക ചുമതല ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

‘ജൂണ്‍ ഏഴിന് ചടങ്ങ് നടത്താന്‍ അനുമതി തേടി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സിറ്റി പൊലീസ് കമ്മീഷണറെയും സമീപിച്ചിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളിലെ കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ലഭിച്ച മറുപടി’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ ജൂണ്‍ ഏഴിന് ചടങ്ങ് നടത്താന്‍ കഴിയില്ല. തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡി.കെ മാധ്യമങ്ങളോട് പറഞ്ഞു.

‘അധികം ആളുകള്‍ പങ്കെടുക്കാത്ത പരിപാടിക്കായിട്ടായിരുന്നു അനുമതി ചോദിച്ചത്. പക്ഷേ, അവരതിന് സമ്മതം തന്നില്ല. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണ്. ഞങ്ങളിപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ മാനിക്കുന്നുണ്ട്. ഒരു നിയന്ത്രണങ്ങളും ലംഘിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഞങ്ങളും നിയമനിര്‍മ്മാതാക്കളാണ്’, ഡി.കെ വ്യക്തമാക്കി.

പ്രവര്‍ത്തകരോട് തയ്യാറായിരുന്നോളു എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം തിയതി മാറ്റുന്നു എന്നേ ഉള്ളു എന്നും ചടങ്ങ് തീര്‍ച്ചയായും നടത്തുമെന്നും ഉറപ്പുനല്‍കി. ജൂണ്‍ എട്ടിന് ശേഷം സര്‍ക്കാര്‍ തീരുമാനം മാറ്റിയാല്‍ പദവി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് നിയമിതനായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഡി.കെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെയ് 31 ആയിരുന്നു ചുമതല ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ ഇത് നീട്ടുകയായിരുന്നു.

ദിനേഷ് ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മാര്‍ച്ച് 31ന് ആറ് തവണ എം.എല്‍.എയായിരുന്ന, പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറായി അറിയപ്പെടുന്ന ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമായിരുന്നു ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more