'ഡി.കെ അടുത്ത മുഖ്യമന്ത്രി'; പ്രവചിച്ച് കോണ്‍ഗ്രസ് എം.എല്‍എ; 'വിശ്വാസമുണ്ട്, നേതൃത്വത്തിന്റെ അഭാവം അദ്ദേഹം പരിഹരിക്കും'
national news
'ഡി.കെ അടുത്ത മുഖ്യമന്ത്രി'; പ്രവചിച്ച് കോണ്‍ഗ്രസ് എം.എല്‍എ; 'വിശ്വാസമുണ്ട്, നേതൃത്വത്തിന്റെ അഭാവം അദ്ദേഹം പരിഹരിക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 8:02 pm

മൈസൂരു: കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറെന്ന് കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേട്ട്. ജയിലില്‍നിന്നും പുറത്തിറങ്ങിയ ശേഷം ഡി.കെ ആദ്യമായി മൈസൂരുവിലെത്തിയപ്പോഴായിരുന്നു സേട്ടിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഡി.കെ ശിവകുമാറിന് മൈസൂരുവില്‍ നല്‍കിയത്. ‘കോണ്‍ഗ്രസില്‍ നേതാക്കളുടെയോ അണികളുടെയോ ക്ഷാമമില്ല. പക്ഷേ, പാര്‍ട്ടിയില്‍ നേതൃത്വത്തിന്റെ അഭാവമുണ്ട്. ഡി.കെ ആ അഭാവവും പരിഹരിക്കും. ഞങ്ങള്‍ക്ക് ഡി.കെയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും’, തന്‍വീര്‍ സേട്ട് പറഞ്ഞു.

ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് ബി.ജെ.പി കോണ്‍ഗ്രസ് നേതാക്കളെ ഉന്നംവച്ചിരിക്കുകയാണെന്ന് എം.എല്‍.എ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും ബി.ജെ.പി ഭയപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.കെ ശിവകുമാറിന് തങ്ങളുടെ രാഷ്ട്രീയ ഭാവിയില്‍ വലിയ പങ്കുണ്ടെന്ന് മുന്‍ എം.പി ആര്‍ ധ്രുവനാരായണനും എം.എല്‍.എ അനില്‍ ചിക്കമാടും വ്യക്തമാക്കി.

ഡി.കെ ശിവകുമാറിന്റെ സ്ത്രീപക്ഷ നിലപാടിലുറച്ച രാഷ്ട്രീയത്തെക്കുറിച്ച് കര്‍ണാടക പ്രദേശ് മഹിളാ കോണ്‍ഗ്രസും വാചാലരായി.

കര്‍ണാടക കോണ്‍ഗ്രസില്‍ ഡി.കെ ശിവകുമാറിന് മുഖ്യ സ്ഥാനങ്ങളിലൊന്ന് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശിവകുമാറിനെ പ്രധാന സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കലിഗ സമുദായം പാര്‍ട്ടിയോട് അടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ജനതാദള്‍ എസുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ കോണ്‍ഗ്രസുമായി അടുത്ത് നിന്നിരുന്ന വൊക്കലിഗ സമുദായം ബി.ജെ.പിയ്ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതിന് പറ്റിയ നേതാവാണ് ശിവകുമാറെന്ന് ഒരു നേതാവ് പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ