| Sunday, 30th June 2024, 2:51 pm

സ്വാമിമാർ രാഷ്ട്രീയത്തിൽ ഇടപെടരുത്; നേതൃമാറ്റം വേണമെന്ന് പരസ്യമായി പറയുന്ന നേതാക്കൾക്കെതിരെ നടപടി: ഡി.കെ. ശിവകുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംസ്ഥാന മന്ത്രിസഭയിൽ നേതൃമാറ്റം വേണമെന്ന് പരസ്യമായി പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക ഉപ മുഖ്യ മന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാന മന്ത്രി സഭയിൽ മാറ്റം വേണമെന്ന് പരസ്യമായി പറയുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ശിവകുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നും ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നും വൊക്കലിഗ മതാധ്യക്ഷൻ ശ്രീ ചന്ദ്രശേഖരനാഥ സ്വാമി വ്യാഴാഴ്ച പറഞ്ഞതിനെ തുടർന്നാണ് രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് അദ്ദേഹം വിവിധ മഠങ്ങളിലെ സ്വാമിമാരോട് അഭ്യർത്ഥിച്ചത്.

‘മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നവർ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും അച്ചടക്ക നടപടി നേരിടേണ്ടിവരും. പാർട്ടിക്ക് അച്ചടക്കം പരമപ്രധാനമാണ്. ഒരു നേതാവ് എപ്പോഴും കൊണ്ട് നടക്കേണ്ട ഒന്നാണ് അച്ചടക്കം. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു. പാർട്ടിയിൽ ആരും ഈ വിഷയത്തിൽ പരസ്യമായി ഇറങ്ങേണ്ടതില്ല.

പാർട്ടിക്ക് വേണ്ടി എല്ലാവരും പ്രവർത്തിക്കണം. പാർട്ടിയുടെ ക്ഷേമത്തിന് അതാവശ്യമാണ്. എന്നാൽ എം.എൽ.എമാരും സ്വാമിജിമാരും പാർട്ടി കാര്യങ്ങൾ പരസ്യമായി പറയരുത്,’ ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ചോ കൂടുതൽ ഉപ മുഖ്യമന്ത്രിമാരെ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഹൈക്കമാൻഡുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ശിവ കുമാർ പറഞ്ഞു. .

‘വാത്സല്യത്തോടെയാണ് സ്വാമിജി ഇക്കാര്യം പറഞ്ഞത്. അവരുടെ അനുഗ്രഹം മാത്രം മതി എനിക്ക്. ദയവായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്നെ നിർദേശിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്,’ ശിവകുമാർ പറഞ്ഞു.

എന്റെ പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടതും വിലയിരുത്തേണ്ടതും ഹൈക്കമാൻഡ് ആണെന്നും, സ്വാമികൾ സാധാരണയായി രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ആദ്യമായിട്ടാണ് ചന്ദ്രശേഖരനാഥ സ്വാമിജി ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിമാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Content Highlight: DK Shivakumar warns Congress netas going public on leadership issue

We use cookies to give you the best possible experience. Learn more