| Friday, 25th October 2019, 12:25 am

'നമ്മള്‍ നമ്മുടെ ശക്തി കാണിക്കേണ്ട സമയമാണിത്'; പാര്‍ട്ടി അണികളോട് ഡി.കെ ശിവകുമാര്‍; സോണിയ ഗാന്ധിയെ കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് മികച്ച പ്രകടനം കാഴ്ചവക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ശക്തിപ്രകടിപ്പിക്കണമെന്നാണ് ശിവകുമാര്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

താന്‍ ജയിലിലായിരുന്ന അവസ്ഥയിലും തനിക്ക് പിന്തുണ നല്‍കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദിപറയുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ഡി.കെ ശിവകുമാര്‍ എന്ന വ്യക്തിയെയും അയാളുടെ പദവിയെയും വിട്ട് എല്ലാവരും എനിക്കൊപ്പം നിന്നു. അതില്‍ എനിക്കെല്ലാവരോടും നന്ദിയുണ്ട്. നമ്മള്‍ നമ്മുടെ ശക്തി കാണിക്കേണ്ട സമയമാണിത്. പ്രതിസന്ധിഘട്ടങ്ങളിലും ആശയങ്ങളോട് നീതി പുലര്‍ത്തി നിലനില്‍ക്കണം.’, ശിവകുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയയതിന് പിന്നാലെ ശിവകുമാര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയയെയും സന്ദര്‍ശിച്ചു. സോണിയയെ നേരിട്ട് കണ്ട് നന്ദി പറയാനായിരുന്നു സന്ദര്‍ശനമെന്ന് ശിവകുമാര്‍ പറഞ്ഞു. ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി.കെ സുരേഷും ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സന്ദര്‍ശിച്ചിരുന്നു.

ജാമ്യം ലഭിച്ച് തീഹര്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനും അധ്യക്ഷ സോണിയ ഗാന്ധിക്കും ശിവകുമാര്‍ നന്ദി പറഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ദല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ച് തിരിച്ചുവരുന്ന നേതാവിന് വമ്പിച്ച സ്വീകരണം നല്‍കാനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. ബി.എസ് യെദിയൂരപ്പ ഭരിക്കുന്ന കര്‍ണാടകത്തിലേക്കാണ് ശിവകുമാറിന്റെ മടങ്ങി വരവ്.

ശിവകുമാറിനെ തീഹാര്‍ ജയിലില്‍ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഡി.കെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നമ്മള്‍ അവരോട് പൊരുതണം, ഇതില്‍ നിന്നെല്ലാം പുറത്തുവരണമെന്നും സോണിയ ഗാന്ധി ശിവകുമാറിനോട് പറഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സെപ്റ്റംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 20 ബാങ്കുകളിലായി ശിവകുമാറിന് 317 അക്കൗണ്ടുകള്‍ ഉണ്ടെന്നും ഈ അക്കൗണ്ടുകളിലാണ് 200 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിക്കുന്നതെന്നുമായിരുന്നു കണ്ടെത്തല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more