കര്‍ണാടകക്കാര്‍ക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഹിജാബും ലവ് ജിഹാദും ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രം: ഡി.കെ. ശിവകുമാര്‍
natioanl news
കര്‍ണാടകക്കാര്‍ക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഹിജാബും ലവ് ജിഹാദും ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രം: ഡി.കെ. ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2023, 8:36 am

ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ സംസ്ഥാനമായി കര്‍ണാടകയെ മാറ്റിയത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വാധീനം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം നടത്തി അധികാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിജാബ് വിവാദവും ലവ് ജിഹാദും കര്‍ണാടകയില്‍ തോല്‍വി ഭയന്ന ബി.ജെ.പി മനപൂര്‍വ്വം നിര്‍മിച്ചെടുത്തതാണെന്നും വികസനം പറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിനൊരു പ്രധാന കാരണം അഴിമതിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായി കഴിഞ്ഞ കുറച്ച് വര്‍ഷം കൊണ്ട് കര്‍ണാടക മാറി.

പെട്രോളിന്റെയും പച്ചക്കറിയുടെയും വിലയൊക്കെ കുതിച്ചുയരുകയാണ്. വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഭരണ പരാജയം മറച്ച് വെക്കാനായി അവര്‍ വര്‍ഗീയത പരത്തിവിടുന്നു. സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു.

ഭരണം നന്നായാല്‍ വോട്ട് പിടിക്കാന്‍ വേണ്ടി അവര്‍ക്ക് ഹിജാബിന്റെയോ, ലവ് ജിഹാദിന്റെയോ കൂട്ട് പിടിക്കേണ്ടി വരില്ലായിരുന്നു. വികസനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനായി അഞ്ചിന പദ്ധതികളും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടിയും തൊഴിലില്ലായ്മ ഇല്ലാതാക്കാനും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമായി പുതിയ പദ്ധതികളും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്,’ ശിവകുമാര്‍ പറഞ്ഞു.

വൈവിധ്യമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തിലെതിയത് മുതല്‍ കര്‍ണാടകയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അതിന്റെ ഭാഗമായാണ് മുസ്‌ലിം സംവരണം എടുത്ത് കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവര്‍ക്കും അവരുടെ മതം വിലപ്പെട്ടതാണ്. പക്ഷെ രാഷ്ട്രീയക്കാരോ പാര്‍ട്ടികളോ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിഘടിക്കാന്‍ പാടില്ല. നമുക്കൊരു ഭരണഘടനയുണ്ട്, അതനുസരിച്ചാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്. വൈവിധ്യമുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

കര്‍ണാടകയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അവരെന്താണ് ചെയ്തത്. അവര്‍ക്കുണ്ടായിരുന്ന സംവരണം പോലും റദ്ദ് ചെയ്ത് അവരെ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് ബി.ജെ.പിയാണ്. അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല,’ ശിവകുമാര്‍ പറഞ്ഞു.

മേയ് പത്തിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രീ പോള്‍ സര്‍വ്വെകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച പല നേതാക്കളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് ക്യാമ്പില്‍ ചേര്‍ന്നതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ചേരിപ്പോരും ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്.

വര്‍ഗീയ വോട്ടുകള്‍ ലക്ഷ്യം വെച്ച് കൊണ്ട് കര്‍ണാടകയിലെ മുസ്‌ലിം റിസര്‍വേഷന്‍ എടുത്ത് കളഞ്ഞ ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ തീരുമാനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ എടുത്ത് കളഞ്ഞ നാല് ശതമാനം സംവരണം തിരികെ കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.

Content Highlight: DK Shivakumar slams bjp government in karnataka