| Monday, 13th July 2020, 2:30 pm

'പൈലറ്റ് പുറത്തുപോവില്ല, കൂറുള്ള കോണ്‍ഗ്രസുകാരനാണ് അദ്ദേഹം'; രാജസ്ഥാനില്‍ ആത്മവിശ്വാസം ഉറപ്പിച്ച് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാജസ്ഥാനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരവെ, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. പൈലറ്റ് ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാരനാണെന്നും ഡി.കെ പറഞ്ഞു.

‘ബി.ജെ.പി അവരുടെ അജണ്ട പ്രകാരം കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ടുപോവില്ല. അദ്ദേഹം കൂറുള്ള കോണ്‍ഗ്രസുകാരനാണ്’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

30 എം.എല്‍.എമാര്‍ തനിക്കുണ്ടെന്ന അവകാശ വാദവുമായാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞ് ദല്‍ഹിയിലെത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് കുടുംബത്തിലെ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കില്‍ പരിഹാരം കാണുമെന്ന് ജയ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. പാര്‍ട്ടി എപ്പോഴും അംഗങ്ങള്‍ക്കൊപ്പമാണ്. സച്ചിന്‍ ജിക്കും മറ്റ് എല്ലാവര്‍ക്കുമായി, കോണ്‍ഗ്രസിന്റെ വാതിലുകള്‍ എപ്പോഴും തുറന്നുതന്നെ കിടക്കുമെന്ന് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം ഞാനും ഉറപ്പ് നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

രാജസ്ഥാന്‍ സര്‍ക്കാര്‍ ഉലയുന്ന ഘട്ടത്തിലല്ലെന്നും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും സുര്‍ജേവാല അഭിപ്രായപ്പെട്ടു.

രാജസ്ഥാനില്‍ നിര്‍ണായക നിയമസഭാ കക്ഷി യോഗം ചേരുകയാണ്. സുര്‍ജേവാലയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും അജയ് മാക്കനും ജയ്പൂരില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. എല്ലാ എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more