| Sunday, 27th October 2019, 11:25 am

'ഞാന്‍ തെറ്റുകാരനാണെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ'; ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

താന്‍ ആരെയും വഞ്ചിക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബമോ നിയമത്തിനെതിരായി എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, ഞാന്‍ നിശബ്ദനായിരിക്കാന്‍ തയ്യാറല്ല’, ഡി.കെ ശിവകുമാര്‍ ബെംഗളൂരുവില്‍ തിരിച്ചെത്തിയതിന് ശേഷം പറഞ്ഞു.

വരും ദിവസങ്ങളില്‍ തനിക്കുമേല്‍ ചുമത്തപ്പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വസ്തുതകളും പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഞാനാരെയും പറ്റിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. എനിക്കങ്ങനെയൊരു ജീവിതവും ആവശ്യമില്ല. ഞാനൊരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ്’, അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

ഒരു പ്രതിസന്ധിയും തന്നെ പിന്നാക്കം വലിക്കില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കാലവും നീതിയും ഇതിന് മറുപടി നല്‍കും. എനിക്ക് ആത്മവിശ്വാസമുണ്ട്’, ഡി.കെ കൂട്ടിച്ചേര്‍ത്തു.

നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍മോചിതനായി ബെംഗളൂരുവിലെത്തിയ ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ബെംഗളൂരു വിമാനത്താവളം മുതല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂക്കള്‍ വാരിവിതറിയും 250 കിലോഗ്രാം ഭാരമുള്ള ആപ്പിള്‍ മാലയൊരുക്കിയുമാണു സ്വീകരിച്ചാനയിച്ചത്.

തുടര്‍ന്ന് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പേരെടുത്തുപറയാതെ സംസാരിച്ചു. അവരാണു തന്നെ ശക്തനാക്കിയതെന്നും താന്‍ നീതിക്കു വേണ്ടി പോരാടുമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ദുര്‍ബലനാകുന്നുവെന്നോ കീഴടങ്ങുന്നുവെന്നോ ഉള്ള ചോദ്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നു നേരെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ ശിവകുമാര്‍, തുടര്‍ന്നു തന്റെ ശക്തികേന്ദ്രങ്ങളായ മൈസൂരു, രാമനഗര, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more