ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തോളില്‍ കയ്യിട്ട പ്രവര്‍ത്തകനെ തല്ലി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.
ഹവേരിയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വിനോദ അസൂത്തിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ ആയിരുന്നു സംഭവം നടന്നത്. മുന്‍സിപ്പല്‍ മെമ്പറായ അലാവുദ്ദീന്‍ മണിയാരെയാണ് ഡി.കെ. ശിവകുമാര്‍ അടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചരണത്തിന് വേണ്ടി ഹവേരിയില്‍ എത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി ശിവകുമാര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട മണിയാരെ ശിവകുമാര്‍ തല്ലുകയായിരുന്നു.
പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അവിടെ നിന്ന് മാറ്റി. സംഭവം വിവാദമായതിന് പിന്നാലെ ബി.ജെ.പിയുടെ ഐ.ടി സെല്‍ മോധാവി അമിത് മാളവ്യ ഉള്‍പ്പടെ വീഡിയോ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തിനാണ് ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അവരുടെ നേതാക്കള്‍ അവരെ അടിക്കുന്നു, അപമാനിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് പോലും നല്‍കുന്നില്ല. പകരം കുടുംബവാഴ്ചയാണ് പാര്‍ട്ടിക്കകത്ത് നടക്കുന്നത്,’ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
Content Highlight: DK Shivakumar’s video slapping party worker goes viral, BJP attacks Congress