| Thursday, 21st May 2020, 2:18 pm

ഡി.കെ ശിവകുമാറിന്റെ നീക്കത്തോട് കേന്ദ്ര നേതൃത്വത്തിന് സംശയം; തിരിച്ചടിയായേക്കും എന്നും വിലയിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക സംസ്ഥാനമൊട്ടാകെയുള്ള യാത്രക്ക് ഒരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കൊവിഡ് മഹാമാരിക്കിടെ ശിവകുമാര്‍ നടത്തുവാനൊരുങ്ങുന്ന യാത്രയോട് ദേശീയ നേതൃത്വത്തിലെ പല നേതാക്കളും സംശയത്തിലാണ്.

മഹാമാരിയ്ക്കിടെ ശിവകുമാര്‍ യാത്രയ്‌ക്കൊരുങ്ങുന്നത് വലിയ നേട്ടമുണ്ടാക്കാനാവുമെന്ന അഭിപ്രായമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ഈ സമയത്തെ യാത്ര രാഷ്ട്രീയമായി വലിയ വിമര്‍ശനം പാര്‍ട്ടിക്കെതിരെ ഉണ്ടാക്കുമോ എന്ന സംശയമാണ് ദേശീയ നേതാക്കള്‍ക്കുള്ളത്. യാത്രയെ കുറിച്ച് ദേശീയ നേൃത്വത്തെ ബോധ്യപ്പെടുത്താനാവും ഇനി ശിവകുമാറിന്റെ ശ്രമമെന്ന് നിരീക്ഷകര്‍ പറയുന്നു.

‘ഞാന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യും. ഇതൊരു പാര്‍ട്ടി പരിപാടിയല്ല. ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് ഉപനിഷത്തുകള് പറയുന്നുണ്ട്. ഈ മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന എന്റെ സഹോദരന്‍മാരെയും സഹോദരിമാരെയും എനിക്ക് കാണണം. എനിക്ക് അവരോടൊപ്പം നില്‍ക്കുകയും അവരുടെ ശബദ്മാവുകയും വേണം. എല്ലാ ജാതി, മത, വര്‍ഗങ്ങളിലുള്ള ജനങ്ങളെയും ഞാന്‍ കാണും. സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ എല്ലാവരെയും കാണണം’, ഡി.കെ ശിവകുമാര്‍ നേരത്തെ പറഞ്ഞു.

കോണ്‍ഗ്രസിന് പുറത്ത് വ്യക്തിപരമായുള്ള യാത്ര നടത്താനാണ് ശിവകുമാര്‍ ഒരുങ്ങുന്നത്. ഒരു കന്നഡിഗന്‍ എന്ന നിലയ്ക്കാണെങ്കില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാവുമെന്നാണ് ശിവകുമാര്‍ പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more