| Thursday, 18th May 2023, 3:19 pm

ഹൈക്കമാന്റ് തീരുമാനം കോടതി വിധിക്ക് തുല്യം; സ്വാഗതം ചെയ്യുന്നു: ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോടതി വിധി സ്വാഗതം ചെയ്യുന്നത് പോലെ ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിന് ശേഷം വ്യാഴാഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാന്റ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ തീരുമാനം ഹൈക്കമാന്റിന് വിട്ട് കൊടുക്കുകയായിരുന്നു. അവര്‍ ഒരു തീരുമാനത്തിലെത്തി. വ്യക്തിതാല്‍പര്യത്തിനപ്പുറം പാര്‍ട്ടിയുടെ താല്‍പര്യമാണ് പ്രധാനം. ഞാന്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കോടതിയിലെ ജഡ്ജ്‌മെന്റ് അംഗീകരിക്കുന്നത് പോലെ ഇതും അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് ഒരു വിധിയാണ്. നമ്മള്‍ എല്ലാവരും കോടതിയില്‍ വാദിക്കുന്നു. ജഡ്ജി പറയുന്നത് അംഗീകരിക്കുന്നു.

ഒരു പക്ഷേ തെരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചില്ലെങ്കില്‍ എന്തായിരിക്കും സ്ഥാനം? ഇപ്പോള്‍ നമ്മള്‍ വിജയിച്ചിരിക്കുന്നു.

എന്റെ ഒറ്റക്കുള്ള പ്രയത്‌നമായിരുന്നില്ല ഈ വിജയം. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ പണിയെടുത്തിട്ടുണ്ട്,’ ശിവകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെയായിരുന്നു സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചത്. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറുമെന്നും ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ലോകസഭ തെരഞ്ഞെടുപ്പ് വരെ ഡി.കെ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നും മുഖ്യമന്ത്രിയാകാനുള്ള ഇരുവരുടേയും ആഗ്രഹം തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

എന്നാല്‍ നേരത്തെ ഉയര്‍ന്ന് കേട്ട ടേം വ്യവസ്ഥകളെ കുറിച്ചൊന്നും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം നടത്തിയില്ല. കര്‍ണാടകയുടെ മുഖ്യമന്ത്രിയാകാന്‍ ഇരുവരും യോഗ്യരാണെന്നും എന്നാല്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയെ പരിഗണിക്കുകയായിരുന്നു എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

contenrt highlight: dk shivakumar’S respond

We use cookies to give you the best possible experience. Learn more