ബെംഗളൂരു: രാജരാജേശ്വരി ക്ഷേത്രത്തില്‍ മൃഗബലിയോ പൂജയോ നടന്നതായി താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍.
രാജരാജേശ്വരി ക്ഷേത്രത്തിലല്ല മൃഗബലി നടന്നതെന്നും ക്ഷേത്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഡി.കെ. ശിവകുമാറിനെ തള്ളി നേരത്തെ കേരള പൊലീസ് രംഗത്തെത്തിയിരുന്നു. കേരളത്തിൽ മൃഗബലി നടന്നതിന് തെളിവില്ലെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്റെ റിപ്പോർട്ട് പൊലീസ് ഡി.ജി.പിക്ക് സമർപ്പിച്ചു. കേരളത്തിലുടനീളം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃഗബലി ഇല്ലെന്ന റിപ്പോർട്ടിലേക്ക് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം എത്തിയത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ മൃഗബലി നടക്കുന്നുവെന്നാണ് ഡി.കെ. ശിവകുമാർ ആരോപിച്ചത്. കേരളത്തിലെ രാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു സ്ഥലത്ത് അഘോരികൾ സംഘടിപ്പിക്കുന്ന രഹസ്യ യാഗത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും കോൺഗ്രസിന്റെ അധികാരം ഇല്ലാതാക്കാനുമാണ് ചിലർ യാഗങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: dk shivakumar explained his allegation about animal sacrifice in Kerala