ബംഗലൂരു: വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയും അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെയായിരുന്നു ഞായറാഴ്ച മോദി അര്‍ബന്‍ നക്‌സലുകളെന്ന് വിശേഷിപ്പിച്ചത്.
‘ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയുമാണ് പ്രധാനമന്ത്രി അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ചത്. ഈ പ്രയോഗത്തിന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ഇന്ന് തെരുവില്‍ മര്‍ദ്ദനമേറ്റ ജനങ്ങളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തെരുവില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല അവര്‍ നിങ്ങളെ അധികാരത്തിലെത്തിച്ചത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതം വെച്ചാണ് സര്‍ക്കാര്‍ തീക്കളി കളിക്കുന്നത്’, ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും ഡി.കെ ആശങ്ക പങ്കുവെച്ചു. ‘ആരും ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ തയ്യാറാവുന്നില്ല. എല്ലാവരും പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരാണ്. എ.ഐ.എ.ഡി.എം.കെയും, ബി.ജെ.ഡിയും വൈ.എസ്
.ആര്‍ കോണ്‍ഗ്രസുമടക്കം ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരെല്ലാം ഈ നിയമം തെറ്റാണെന്ന് പറഞ്ഞുകഴിഞ്ഞു’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിനെയും ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു. ‘മംഗലൂരു പൊലീസിനെ കുറ്റം പറയേണ്ടതില്ല. ഇവിടെ സെക്ഷന്‍ 144 പ്രഖ്യാപിച്ചത് കര്‍ണാടക സര്‍ക്കാരും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമാണ്. സര്‍ക്കാരിന്റെ രീതി എനിക്ക് മനസിലാകും. സര്‍ക്കാരിന്റെ ഉത്തരവില്ലാതെ ഒരു സംസ്ഥാനത്തും 144 പ്രഖ്യാപിക്കാനാവില്ല’, അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ