national news
പൊലീസുകാര്‍ കാവി ഷാളോ ചരടോ അണിഞ്ഞ് ജോലിക്ക് വരരുത്; കര്‍ശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: കാവി ഷാളോ ചരടോ അണിഞ്ഞ് പൊലീസുകാര്‍ സംസ്ഥാനത്ത് ജോലിക്ക് വരുന്നത് വിലക്കി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഇത്തരത്തില്‍ ജോലിക്കെത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
മംഗളൂരു, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞ് ജോലിക്കെത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കര്‍ണാടക പൊലീസ് സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡി.കെ ശിവകുമാറിന്റെ നിലപാട് പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ബി.ജെ.പി ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍.എസ്.എസ് – ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യമാണ് ബജ്‌റംഗ് ദള്‍ നിരോധനം ചര്‍ച്ചയാക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നാണ് ബി.ജെ.പിയുടെ പരാതി.
സംസ്ഥാനത്ത് സമാധാനം തകര്‍ത്താല്‍ ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിന് അത് അംഗീകരിക്കാനാവില്ലെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനിലേക്ക് പോവാമെന്നും കര്‍ണാടക മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെ ഇന്നലെ പറഞ്ഞിരുന്നു. കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
‘സമാധാനം തകര്‍ന്നാല്‍ അത് ബജ്‌റംഗ് ദളാണോ ആര്‍.എസ്.എസാണോ എന്ന് പോലും പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്‌റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും ഞങ്ങള്‍ നിരോധിക്കും. ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോവട്ടെ’ ഖാര്‍ഗെ പറഞ്ഞു.
കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദമായ മതംമാറ്റ നിരോധന നിയമം, പാഠ്യപദ്ധതി പരിഷ്‌കരണം, ഹിജാബ് നിരോധനം, ഹലാല്‍, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും പ്രിയങ്ക് പറഞ്ഞു. ‘ചില ഘടകങ്ങള്‍ സമൂഹത്തില്‍ നിയമത്തെയും പൊലീസിനെയും ഭയപ്പെടാതെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഈ പ്രവണത നടക്കുന്നുണ്ട്.
എന്തിനാണ് തങ്ങളെ ജനങ്ങള്‍ പ്രതിപക്ഷത്ത് ഇരുത്തിയിരിക്കുന്നതെന്ന് ബി.ജെ.പി മനസിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും പിന്തുടരാവുന്ന ബസവണ്ണയുടെ തത്വങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്.
ഹിജാബ് നിരോധനത്തിന് പിന്നാലെ കര്‍ണാടകയില്‍ 18,000 വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന് പുറത്തായെന്നാണ് കണക്കുകള്‍. ഈ വിഷയത്തിലെ നിയമവശം പരിശോധിച്ച് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജുഡീഷ്യറി നിയമനിര്‍മാണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിയമസഭാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടത്? നമ്മുടെ നിയമനിര്‍മാണം മോശമാണെങ്കില്‍ കോടതി ഇടപെടട്ടെ. കര്‍ണാടകയെ പിന്നോട്ടടിക്കുന്ന എല്ലാത്തരം ഉത്തരവുകളും ബില്ലുകളും ഓര്‍ഡിനന്‍സുകളും ഈ സര്‍ക്കാര്‍ പുനഃപരിശോധിക്കും,’ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
content highlights: dk shivakumar bans use of saffrons shawls and threads among Karnataka police