ബെംഗളൂരു: കര്‍ണാടകയില്‍ സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള കരട് പത്രിക തയ്യാറാക്കിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. തങ്ങള്‍ ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ പോളിസി അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് പരിഷ്‌കരിച്ച പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കുന്നതിനും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനും അടിയന്തര നടപടി ആവശ്യപ്പെട്ട് നിരവധി എഴുത്തുകാരും അക്കാദമിക് വിദഗ്ദരും കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പ്രതികരണം നല്‍കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ ഒരു പ്രകടന പത്രികയിറക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഒരു സംസ്ഥാന വിദ്യാഭ്യാസ നയം ഉണ്ടാക്കും. നാഗ്പൂര്‍ നയമുണ്ടാകില്ല. ഞങ്ങള്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യും,’ അദ്ദേഹം പറഞ്ഞു.
‘സമാന മനസ്‌കര ഒക്കൂട്ട,’ എന്ന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് നിവേദനം നല്‍കിയത്.
വിദ്യാര്‍ഥികളുടെ താല്‍പര്യം മനസിലാക്കി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ മായം കലര്‍ത്താന്‍ അനുവദിക്കില്ലെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാനും കര്‍ശന തീരുമാനങ്ങളെടുക്കാനും ഒരിക്കല്‍ കൂടി പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ പഴയപടിയാക്കുമെന്നും കോണ്‍ഗ്രസ് അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്‍.ഇ.പി റദ്ദാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
ബി.ജെ.പി ഭരണകാലത്ത് നിരവധി മാറ്റങ്ങള്‍ പാഠപുസ്തകത്തില്‍ വരുത്തിയിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം അധ്യായമായി ഉള്‍പ്പെടുത്തിയതില്‍ അന്ന് തന്നെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍, പ്രമുഖ സാഹിത്യകാരന്മാരുടെ രചനകള്‍ തുടങ്ങിയ പ്രധാന വ്യക്തികളെ കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നതിലും പ്രതിഷേധം വന്നിരുന്നു. 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവണ്ണയെക്കുറിച്ചും തെറ്റായ ഉള്ളടക്കങ്ങളും പ്രതിഷേധത്തിന് കാരണമായി.
content highlight: dk shivakumar about state educational policy